സൈബര്‍ ആക്രമണത്തില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന് ആക്‌സിസ് ബാങ്ക്; ഉപഭോക്താക്കള്‍ സുരക്ഷിതരെന്ന് എസ്ബിഐ

axis-sbi

(ഫയല്‍ ചിത്രം)

മുംബൈ: അടുത്തിടെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ഇന്ത്യയിലെ സ്വകാര്യ മേഖലയിലുള്ള മൂന്നാമത്തെ വലിയ ബാങ്കായ ആക്‌സിസ് ബാങ്ക് അറിയിച്ചു. ഇത്തരമൊരു ഭീഷണി ഉള്ളതായി തങ്ങളുടെ ആഭ്യന്തര നിരീക്ഷണ സംവിധാനം തിരിച്ചറിഞ്ഞതിനാല്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ബാങ്ക് വ്യക്തമാക്കി.

സൈബര്‍ ആക്രമണത്തെ കുറിച്ച് ആക്‌സിസ് ബാങ്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതായും തുടര്‍ന്ന് ഇത് അന്വേഷിക്കാനായി റിസര്‍വ്വ് ബാങ്ക് ഇവൈയെ (EY) ഏല്‍പ്പിച്ചതായും എക്കണോമിക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവാദിത്വപ്പെട്ട സാമ്പത്തിക സ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ക്കുണ്ടായ ഭീഷണി യഥാസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ വിദഗ്ധരുടെ വലിയ നിര തന്നെ തങ്ങള്‍ക്ക് ഉണ്ടെന്നും ബാങ്കിന്റെ സംവിധാനങ്ങള്‍ നിരീക്ഷിച്ച് അവര്‍ തകരാറുകള്‍ അപ്പപ്പോള്‍ നീക്കുന്നുണ്ടെന്നും ആക്‌സിസ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഇതെന്നും ഇവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രമായി ഉണ്ടായ പ്രശ്‌നമല്ല ഇതെന്നും ബാങ്ക് പറഞ്ഞു.

കാര്‍ഡുകള്‍ക്ക് ഗുരുതര ഭീഷണി ഉള്ളതായി കാര്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, എന്‍പിസിഐ എന്നിവ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് വിവരം നല്‍കിയിരുന്നു എന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. തങ്ങളുടെ സംവിധാനം സുരക്ഷിതമാണെന്നും അവര്‍ വ്യക്തമാക്കി.

DONT MISS
Top