ഇത് പൊളിയ്ക്കും! ജിയോയോട് റ്റാറ്റ പറയാം, ഇനി എയര്‍ടെല്ലിന്റെ ടൈം; 259 രൂപയ്ക്ക് 10 ജിബി

airtel
ദില്ലി: ജിയോയുടെ കൂറ്റന്‍ ഓഫറിനു മുന്നില്‍ ഒന്ന് പകച്ച് പോയെങ്കിലും വന്‍ ഓഫറുമായി തിരിച്ചെത്തിയിരിക്കുകയാണ് എയര്‍ടെല്‍. വെറും 259 രൂപയ്ക്ക് 10 ജിബിയാണ് എയര്‍ടെല്‍ നല്‍കുന്നത്. പുതിയ എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ക്കാണ് ഈ വമ്പന്‍ ഓഫര്‍ ലഭിക്കുക. ഒറ്റയടിക്ക് ജിയോ കീഴടക്കിയ മാര്‍ക്കറ്റ് തിരിച്ച് പിടിക്കുകയാണ് ഇതിലൂടെ എയര്‍ടെല്‍ ലക്ഷ്യം വെയ്ക്കുന്നത്.

വെറും 25 രൂപയ്ക്ക് അടുത്തു മാത്രമാണ് പുതിയ ഓഫര്‍ പ്രകാരം ഒരു ജിബിക്കായ് നല്‍കേണ്ടി വരുക. റീച്ചാര്‍ജ് ചെയ്ത് ഉടനെ തന്നെ ആദ്യത്തെ ഒരു ജിബി അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. ബാക്കി ഒമ്പത് ജിബി മൈ എയര്‍ടെല്‍ ആപ്പിലൂടെയായിരിക്കും ലഭിക്കുകയെന്ന് എയര്‍ടെല്‍ അറിയിച്ചു. മൂന്ന് മാസത്തിനകം മൂന്ന് തവണ ഈ ഓഫര്‍ ചെയ്യാന്‍ കഴിയും. സമാനമായ രീതിയില്‍ ഓഗസ്റ്റില്‍ സാംസങ് ഗ്യാലക്‌സി ജെ സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെല്‍ 250 രൂപയ്ക്ക് 10 ജിബി നല്‍കിയിരുന്നു.

ഇതിനെ പിന്തുടര്‍ന്ന് ഗുജറാത്തില്‍ മാത്രമായി 249 രൂപയ്ക്കും ഈ ഓഫര്‍ കമ്പനി നല്‍കിയിരുന്നു. അഹമ്മദാബാദില്‍ 4ജി സേവനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. പിന്നീടിത് മധ്യപ്രദേശിലേക്കും ചണ്ഡീഗഢിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലെവിടെയും പുതിയ ഓഫര്‍ ലഭ്യമാണ്. 4ജി നെറ്റ്‌വര്‍ക്കുള്ള എല്ലാ ഫോണിലും സേവനം ലഭ്യമാണ്. വിപണിയിലെ മുഖ്യ എതിരാളിയായ വോഡാഫോണും ഇന്റര്‍നെറ്റ് ഓഫറുകളില്‍ പുതിയ ഇളവുകള്‍ കൊണ്ടു വന്നിരുന്നു. മുകേഷ് അംബാനിയുടെ ജിയോ ഉയര്‍ത്തിയ വെല്ലുവിളിയാണ് മറ്റ് കമ്പനികളേയും പുതിയ തീരുമാനങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അതേസമയം, മാര്‍ക്കറ്റിനെ പിടിച്ച് കുലുക്കിയ ജിയോയുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ വേഗത കുറഞ്ഞതായും വാര്‍ത്തകളുണ്ട്.

DONT MISS
Top