‘നിന്നെ പോലുള്ള സംവിധാനം അറിയാത്തവരുടെ കാമറക്ക് മുഖം വെച്ചുതന്നാല്‍ എന്റെ കാര്യം പോക്കാവുമെന്ന് മമ്മൂട്ടിക്ക പറഞ്ഞു’; പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍

priyadharshan

മേഘത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍

മമ്മൂട്ടിയും പ്രിയദര്‍ശനും തമ്മില്‍ എന്തോ വ്യക്തിപരമായ പ്രശ്‌നമുണ്ട് എന്ന പ്രചരണങ്ങള്‍ എക്കാലത്തും ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. ഈ പ്രചരണങ്ങള്‍ക്കുള്ള മറുപടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍. മാധ്യമം ആഴ്ച്ചപതിപ്പിലാണ് പ്രിയന്‍ മമ്മൂട്ടിയുമായുള്ള തന്റെ വ്യക്തിബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

മമ്മൂട്ടിയും ഞാനും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് പുറത്തൊരു ചിന്തയുണ്ട്. പ്രിയന്‍ മോഹന്‍ലാലിനെ വെച്ചു മാത്രമെ സിനിമ ചെയ്യു എന്നും ഇത്തരക്കാര്‍ പറയുന്നു. എന്നാല്‍ പ്രിയന്റെ ആദ്യ ചിത്രം പൂച്ചക്കൊരു മൂക്കുത്തിയില്‍ മൂന്നു നായകന്മാരായിരുന്നു. ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍. സിനിമ ചെയ്യാമെന്നു മമ്മൂട്ടിക്ക സമ്മതിച്ചു. നിന്റെ ആദ്യത്തെ സിനിമയല്ലെ ഞാന്‍ വരാം എന്നും പറഞ്ഞു. എന്നാല്‍ മമ്മൂട്ടിക്ക വന്നില്ല, കാരണം അറിയാന്‍ എറണാകുളത്ത് എത്തിയ എന്നോടും സുരേഷ്‌കുമാറിനോടും മമ്മൂട്ടിക്ക പറഞ്ഞു, അതില്‍ മൂന്നു ഹീറോ ഇല്ലേ. അതുകൊണ്ട് ഞാനതില്‍ വേണ്ട. അതോടെ സുരേഷും മമ്മൂട്ടിയും തമ്മില്‍ വഴക്കായി.

‘നീ ആദ്യം സംവിധാനം പഠിക്ക്. ഞാന്‍ സിനിമ തുടങ്ങുന്നേയുള്ളു. ഇപ്പോള്‍ നിന്നേപോലെയുള്ള സംവിധാനം അറിയാത്തവരുടെ ക്യാമറയ്ക്കു മുഖം വെച്ചു തന്നാല്‍ എന്റെ കാര്യം പോക്കാണ്’ മമ്മൂട്ടി ഇങ്ങനെ പറഞ്ഞതായി പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതു കേട്ടു തിരിച്ചു പോന്ന പ്രിയന്‍ പിന്നീട് മമ്മൂട്ടിയുടെ റോള്‍ വെട്ടിക്കുറച്ചു ചെറുതാക്കിയ ശേഷം സോമേട്ടനെ ആ റോളിലേയ്ക്ക് ഇട്ടു. പിന്നീട് തിരുവനന്തപുരം ബെല്‍റ്റ്, എറണാകുളം ബെല്‍റ്റ് എന്ന മൂവ്‌മെന്റ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായി. അവിടെ കുറെ ആളുകള്‍ സിനിമ എടുക്കുന്നു, ഇവിടെ കുറെ ആളുകള്‍ സിനിമ എടുക്കുന്നു. അങ്ങനെ പെട്ടുപോയി എന്നല്ലാതെ ഇന്നും തന്നെ ഏറ്റവും കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതു മമ്മൂട്ടിക്കയാണ്. ഞാന്‍ അതെ ബഹുമാനം തിരിച്ചുകൊടുത്തിട്ടുണ്ട്.

പ്രയാസകാലത്തു മമ്മൂട്ടിക്കയുടെ റൂമിലൊക്കെ പോയി കിടന്നിട്ടുണ്ട് എന്നും പ്രിയന്‍ ഓര്‍ക്കുന്നു. വ്യക്തിപരമായ പല കാര്യങ്ങളിലും മമ്മൂട്ടിക്ക ഇടപെട്ടിട്ടുണ്ട്. ഒരു മൂത്ത ജ്യേഷ്ടന്‍ എന്ന രീതിയിലാണ് അതെല്ലാം സ്വീകരിച്ചിക്കുന്നത്. പക്ഷേ പുറത്തുള്ളവരുടെ ചിന്ത ഞാനും മമ്മൂട്ടിക്കയും തമ്മില്‍ എന്തോ പ്രശ്‌നമാണ് എന്നാണ്. അതിനുള്ള കാരണം മോഹന്‍ലാല്‍ സിനിമകള്‍ എടുത്തു എന്നുള്ളതു മാത്രമാണ് എന്നും പ്രിയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

DONT MISS
Top