ബിസിസിഐയ്ക്കു വീണ്ടും തിരിച്ചടി; ലോധ സമിതി ശുപാര്‍ശകള്‍ക്കെതിരായ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

bcci-sc
ദില്ലി : ബിസിസിഐയ്ക്കു വീണ്ടും തിരിച്ചടി. ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിസിസിഐ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ മാറിനില്‍ക്കണമെന്ന ബിസിസിഐയുടെ ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചേംബറിലാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സമഗ്രപരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ശുപാര്‍ശകളാണ് ജസ്റ്റിസ് ലോധ കമ്മിറ്റി സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചത്. മന്ത്രിമാരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ബി.സി.സി.ഐ പദവി വഹിക്കരുത്, ഒരാള്‍ക്ക് ഒരു പദവി, എഴുപത് വയസിന് മുകളിലുള്ളവരെ ബിസിസിഐ ഭാരവാഹിയാക്കരുത് , ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് , മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ബിസിസിഐ ഭാരവാഹിത്വം വഹിക്കരുത്, ഐപിഎല്ലിന് പ്രത്യേക ഭരണസമിതി, ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴിലാക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശളാണ് ലോധ സമിതി മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ച സുപ്രീംകോടതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ജൂലൈ 18 ന് ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസ് ലോധ, അനുരാഗ് താക്കൂര്‍ ( ഫയല്‍ ചിത്രം)

ജസ്റ്റിസ് ലോധ, അനുരാഗ് താക്കൂര്‍ ( ഫയല്‍ ചിത്രം)

എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്നാണ് ബിസിസിഐ നിലപാട്. നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്ന ബിസിസിഐ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലും നിലപാടിലുറച്ചു നിന്നു.

ഭൂരിപക്ഷം സംസ്ഥാന അസോസിയേഷനുകളും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ഉത്തരവ് പുനപരിശോധിക്കണമെന്ന് ബിസിസിഐ കോടതിയോട് ആവശ്യപ്പെട്ടു. പുനഃപരിശോധന ഹര്‍ജിയും തള്ളിയതോടെ ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയേ മതിയാകൂ എന്ന സ്ഥിതിയിലാണ് ബിസിസിഐ.

ശുപാര്‍ശകള്‍ അംഗീകരിക്കാതെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കേണ്ടെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ മാസം ഏഴ് വരെയായിരുന്നു ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബിസിസിഐക്ക് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നത്. കേസ് പരിഗണിച്ച വേളയിലെല്ലാം സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് ബിസിസിഐയെ വിമര്‍ശിച്ചത്. അതിനിടെ ത്രിപുര, വിദര്‍ഭ , രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാമെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

DONT MISS
Top