സീസണിലെ ആദ്യ പോയിന്റ് നേടി എഫ്‌സി ഗോവ; കൊല്‍ക്കത്ത-ഗോവ മത്സരം സമനിലയില്‍

isl

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത- എഫ്‌സി ഗോവ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി പട്ടികയില്‍ പോയിന്റ് പങ്കിട്ടു. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി ഡൊത്തി ലക്ഷ്യം കണ്ടപ്പോള്‍, ഗോവന്‍ നിരയില്‍ ജോഫ്രി ഗോണ്‍സാലെസ് സമനില ഗോള്‍ നേടി.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ വോളിയിലൂടെ ഗോള്‍ കണ്ടെത്തിയ ഡൊത്തി കൊല്‍ക്കത്തയ്ക്ക് വ്യക്തമായ ആധിപത്യം നല്‍കിയെങ്കിലും തുടരെ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതിനാല്‍ മത്സരം സമനിലയിലേക്ക് ഒതുങ്ങുകയായിരുന്നു. അതേസമയം തിരിച്ചടിക്കാന്‍ ഗോവന്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നീക്കങ്ങള്‍ സൃഷ്ടിക്കുന്നതിലെ പാളിച്ചകള്‍ മത്സരത്തിലുടനീളം ഗോവന്‍ നിരയില്‍ സമ്മര്‍ദ്ദം ഉയര്‍ത്തി.

6 ആം മിനിറ്റില്‍ ഗോവയ്‌ക്കെതിരെ നേടിയ കോര്‍ണറിനെ മികച്ച രീതിയില്‍ തൊടുക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ലെങ്കിലും കൊല്‍ക്കത്തന്‍ താരം ഡൊത്തി പിഴവുകള്‍ക്ക് ഇടവരുത്താതെ, ലഭിച്ച പന്തിനെ  ഗോള്‍ വര കടത്തുകയായിരുന്നു. ഗോള്‍ നേടിയതിനെ തുടര്‍ന്ന് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കൊല്‍ക്കത്ത, ഗോവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. രണ്ടാം പാദത്തിന്റെ ആരംഭത്തില്‍ തന്നെ പരുക്കന്‍ അടവുകളുമായി താരങ്ങള്‍ കളം നിറയാന്‍ തുടങ്ങിയതോടെ 51 ആം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ചുവപ്പ് കാര്‍ഡ് റഫറിയ്ക്ക് പുറത്തെടുക്കേണ്ടി വന്നു. അത്‌ലറ്റികോ താരം സ്റ്റീഫന്‍ പിയേര്‍സണ്‍ നടത്തിയ പ്രതിരോധം ചുവപ്പ് കാര്‍ഡില്‍ കലാശിക്കുകയായിരുന്നു.

കൊല്‍ക്കത്തന്‍ നിര പത്തായി ചുരുങ്ങിയതിനെ മുതലെടുക്കാന്‍ ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അവയൊന്നും വിജയിച്ചില്ല. ജാവി ലാറയെ തടുക്കാന്‍ ഗോവന്‍ താരം സജ്ഞയ് ബാല്‍മുച്ചു നടത്തിയ ടാക്ലിങ്ങ് സമ്മാനിച്ചത് ഗോവന്‍ നിരയിലേക്ക് ഒരു ചുവപ്പ് കാര്‍ഡായിരുന്നു. ഇരു ടീമും പത്തായി ചുരുങ്ങിയിട്ടും ആക്രമണം മാത്രമായിരുന്നു മത്സരത്തില്‍ പ്രതിഫലിച്ചത്.

76 ആം മിനിറ്റില്‍ കൊല്‍ക്കത്തന്‍ ബോക്‌സില്‍ വെച്ച് ബോര്‍ജ ഫെര്‍ണാണ്ഡസ് ഹാന്‍ഡ് ബോളിന് ശ്രമിച്ചത് ഗോവയ്ക്ക് സമനില നേടാനുള്ള അവസരം നല്‍കി. ഗോവയ്ക്ക് വേണ്ടി ജോഫ്രി ഗോണ്‍സാലെസ് എടുത്ത പെനാല്‍റ്റി കിക്ക് ലക്ഷ്യം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയില്ല. സമനിലയോടെ എഫ്‌സി ഗോവ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.

DONT MISS
Top