ചൈനീസ് പ്രലോഭനത്തില്‍ ഇന്ത്യയുടെ ബഹിഷ്‌കരണം പാളി; രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ വിരുദ്ധ നിലപാട് എടുത്ത ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യന്‍ ജനതയുടെ ആഹ്വാനത്തിനിടയിലും, ഇന്ത്യയിലെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന. ഉത്സവസീസണില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന രാജ്യത്ത് തകൃതിയായി നടക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് അടുത്തിടെ ഐക്യരാഷ്ടസഭയില്‍ ചൈന തളളിയത്. ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ചൈനീസ് വിരുദ്ധ വികാരം ഉണര്‍ന്നിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം വരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു. എന്നാല്‍ അടുത്തിടെ ആരംഭിച്ച ഉത്സവസീസണില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നതായാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന വികാരം ഉയര്‍ന്നപ്പോഴും, ഉഭയകക്ഷി ബന്ധവും, രാജ്യാന്തര മര്യാദകളും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനിടയിലും സോഷ്യല്‍ മീഡീയയില്‍ അടക്കം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന വികാരം ശക്തമായി പ്രചരിച്ചു. ഈ പശ്ചാത്തലത്തിലും ചൈനീസ് ഉത്പ്പന്നങ്ങളുടെ ആവശ്യകത വിപണിയില്‍ സജീവമാണെന്ന് ചൈനീസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാന ഇ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ അടുത്തിടെ നടന്ന വില്‍പ്പനമേള ഇതിന്റെ തെളിവായി ചൂണ്ടികാണിക്കുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ റെക്കോഡ് വില്‍പ്പനയാണ് ഒക്ടോബര്‍ ആദ്യ ആഴ്ച നടന്ന ഇ വിപണയിലുണ്ടായത്. അഞ്ചുലക്ഷം ഷവോമി ഫോണുകള്‍ മാത്രം ഇക്കാലയളവില്‍ വിറ്റ് പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വരാനിരിക്കുന്ന ദീപാവലി ദിനങ്ങളിലും ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുമെന്ന് റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 7000 കോടി ഡോളറാണ്. എന്നാല്‍ ചൈനയുമായുളള ഇന്ത്യയുടെ വ്യാപാരകമ്മി 4600 കോടി ഡോളറാണ്. ഇതിനിടെ ചൈനയുടെ ഇന്ത്യയിലെ നിക്ഷേപം ആറു മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top