സാംസങ് നോട്ട് 7 ഉപയോക്താക്കള്‍ ജാഗ്രതൈ; ഫോണ്‍ പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി കമ്പനി

note-7

സാംസങ്ങ് ഗാലക്‌സി നോട്ട് 7

സിയോള്‍: സാംസങ്ങിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പൊട്ടിത്തെറിയും തീപിടുത്തവുമൊക്കെ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സാംസങ് ഗ്യാലക്‌സി നോട്ട് 7 വില്‍പ്പന നിര്‍ത്തിവെക്കാന്‍ സാംസങ് തീരുമാനിച്ചു. നിര്‍മ്മാണത്തിലെ പിഴവുമൂലം പൊട്ടിത്തെറി വ്യാപകമായതിനെത്തുടര്‍ന്ന് ഗ്യാലക്‌സി നോട്ട് 7നെ കമ്പനി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ തിരിച്ചെടുത്ത ഫോണുകള്‍ക്ക് പകരം നല്‍കിയവയും തീപിടിക്കുന്നുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ഫോണ്‍ വില്‍പ്പന നിര്‍ത്താന്‍ കമ്പനി തയ്യാറാവുന്നത്.

പകരം നല്‍കിയ ഫോണുകളിലൊന്ന് അമേരിക്കന്‍ വിമാനത്തില്‍ വെച്ച് തീപിടിച്ചുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ വിമാനകമ്പനികള്‍ ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. തീപിടുത്തത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ കമ്പനികള്‍ നേരത്തെ തന്നെ നോട്ട് 7 നെ തങ്ങളുടെ വിമാനങ്ങളില്‍ നിന്നും പുറത്താക്കിയിരുന്നു.

fire-note7

നോട്ട് 7ന്റെ വില്‍പന നിര്‍ത്തിവെക്കാനും പകരം നല്‍കുന്നത് അവസാനിപ്പിക്കാനും ലോകത്തിലെ എല്ലാ ഡീലര്‍മാരോടും സാംസങ് ആവശ്യപ്പെട്ടു. ഒറിജിനല്‍ ഫോണ്‍ ആണെങ്കില്‍ കൂടി സ്വിച്ച് ഓഫ് ചെയ്ത് ഉപയോഗം നിര്‍ത്തി വെക്കാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറി സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് കമ്പനി ഉത്തരവിട്ടിട്ടുണ്ട്.

ഐഫോണിനെ വെല്ലാനുള്ള ഉദ്ധേശത്തോടെയാണ് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ വിപണിയിലെത്തിയ മുതല്‍ക്കു തന്നെ ഫോണിനെതിരെ പരാതികളായിരുന്നു. ബാറ്ററിയിലെ നിലവാരമില്ലായ്മ കാരണം 25 ലക്ഷത്തോളം ഫോണുകളാണ് സാംസങ് തിരിച്ചെടുത്തത്.

DONT MISS
Top