ലോകചാമ്പ്യനായി വിരമിക്കാന്‍ മെസിക്ക് അര്‍ഹതയുണ്ടെന്ന് അര്‍ജന്റീനിയന്‍ കോച്ച്

messi

മാഡ്രിഡ്: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിക്ക് ലോക ചാമ്പ്യനായി വിരമിക്കാന്‍ അര്‍ഹതയുണ്ടെന്ന് അര്‍ജന്റീനിയന്‍ കോച്ച് എഡ്ഗാഡോ ബൗസ. ലോകത്തെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ മെസിയുടെ കരിയര്‍ പൂര്‍ണമാകണമെങ്കില്‍ ലോക ചാമ്പ്യന്‍ പട്ടം ആവശ്യമാണ്, അതിന് മെസി മറ്റാരേക്കാളും അര്‍ഹനാണെന്ന് ബൗസ പറയുന്നു. യോഗ്യതാ മത്സരങ്ങളിലെ ടീമിന്റെ മികച്ച പ്രകടനം ലോകകപ്പിലും ആവര്‍ത്തിച്ചാല്‍ 2018 ലെ ലോകകപ്പില്‍ മെസിക്ക് മുത്തമിടാന്‍ കഴിയുമെന്ന് ബൗസ അഭിപ്രായപ്പെട്ടു.

കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് തോറ്റതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ക്ലബ് ഫുട്‌ബോളില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും രാജ്യത്തിന് വേണ്ടി മെസി മികവ് കാട്ടുന്നില്ല എന്ന് വിമര്‍ശനം രാജ്യത്ത് വ്യാപകമാണ്. 2014 ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് തോല്‍ക്കുമ്പോള്‍ മെസിയായിരുന്നു ക്യാപ്റ്റ്യന്‍.

അര്‍ജന്റീനന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തെതുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ മടങ്ങിയെത്തിയ മെസിയുടെ മികവിലായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ഉറുഗ്വായെ പരാജയപ്പെടുത്തിയത്. മെസി ഇല്ലാതെ കളിച്ച അര്‍ജന്റീനയെ പെറു കഴിഞ്ഞ ദിവസം സമനിലയില്‍ പിടിച്ചിരുന്നു.

സ്പാനിഷ് ലീഗില്‍ അത്‌ലറ്റ്‌കോ മാഡ്രിഡുമായുള്ള മത്സരത്തില്‍ വലതു കാല്‍ തുടക്ക് പരുക്കേറ്റ മെസി മൂന്നാഴ്ചയായി വിശ്രമത്തിലാണ്. പരിക്കില്‍ നിന്ന് മോചിതനായി മെസി അടുത്ത മാസം നംവംബറില്‍ ബ്രസീലിനെതിരേ നടക്കുന്ന മത്സരത്തില്‍ ടീമിനൊപ്പം ചേരുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ

DONT MISS
Top