ചൈന ഓപ്പണ്‍: നദാല്‍ വീണ്ടും തോറ്റു, മുറെ സെമിയില്‍

nadal

നദാല്‍ മത്സരത്തിനിടെ

ബീജിംഗ്: റാഫേല്‍ നദാലിന്റെ വിജയമോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രിഗര്‍ ദിമിത്രോവിനോടാണ് നദാല്‍ തോറ്റത്. 6-2,6-4 എന്നിങ്ങനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ പരാജയം.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ദിമിത്രോവിന് വെല്ലുവിളി ഉയര്‍ത്താന്‍ നദാലിനായില്ല. ആദ്യ സെറ്റില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്ന നദാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ദിമിത്രോവ് വിജയം പിടിച്ചു വാങ്ങുകയായിരുന്നു.

ഏപ്രിലില്‍ നേടിയ രണ്ട് കിരീടം ഒഴിച്ച് നിര്‍ത്തിയാല്‍ ഈ വര്‍ഷം പ്രധാന ടൂര്‍ണമെന്റുകളിലൊന്നും വിജയം നേടാന്‍ നദാലിന് കഴിഞ്ഞിരുന്നില്ല. മുന്‍പ് ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ ദിമിത്രോവിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ചരിത്രം വീണ്ടും പഴങ്കതയായി.

വിജയത്തില്‍ താന്‍ സന്തുഷ്ടനാണ്. മുന്‍പ് പലതവണ വിജയത്തിനടുത്തെത്തിയിരുന്നെങ്കിലും തോല്‍ക്കാനായിരുന്നു വിധി. പക്ഷേ ഇത്തവണ മികച്ച പ്രകടനമാണ് താന്‍ കാഴ്ചവെച്ചത്. വിജയത്തില്‍ അഭിമാനിക്കുന്നുവെന്നും മത്സരശേഷം ദിമിത്രോവ് പറഞ്ഞു.

അതേ സമയം ഒന്നാം സീഡ് ആന്റി മുറെ ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. ബ്രിറ്റ് കെയ്ല്‍ എഡ്മണ്ടിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് മുറെ വിജയം കൊയ്തത്. സ്‌കോര്‍ 7-6(9), 6-2.

DONT MISS
Top