തൃശൂരില്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി എ, ഐ ഗ്രൂപ്പുകളുടെ പോരാട്ടം

dcc

തൃശൂര്‍: തൃശൂരില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി എ, ഐ ഗ്രൂപ്പുകള്‍ കരുനീക്കം ശക്തമാക്കി. മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍, പത്മജ വേണുഗോപാല്‍ തുടങ്ങിയവരെ പരിഗണിക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ വയോധികരും വനിതകളും വേണ്ടെന്ന നിലപാടാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ നിലവിലെ അധ്യക്ഷസ്ഥാനം വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കം എ ഗ്രൂപ്പും ശക്തിപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയകാര്യസമിതിയുടെ പരിഗണനയിലേക്ക് തൃശൂര്‍ ജില്ലയിലെ ഡിസിസി അധ്യക്ഷരാകേണ്ടവരുടെ പട്ടിക നല്‍കാന്‍ ഗ്രൂപ്പുകള്‍ തയ്യാറെടുക്കുമ്പോള്‍ ഇത്തവണ അധ്യക്ഷസ്ഥാനം വയോധികര്‍ക്ക് നല്‍കരുതെന്ന നിലപാടാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനുള്ളത്. ഐ ഗ്രൂപ്പിലെ പ്രമുഖനും കെപിസിസി സെക്രട്ടറിയുമായ വി ബാലറാം അത് തുറന്ന് പറയുന്നു.

ജില്ലാ അധ്യക്ഷസ്ഥാനത്തിനായുള്ള സിഎന്‍ ബാലകൃഷ്ണന്റെ നീക്കത്തിന് തിരിച്ചടിയാകും ഐ ഗ്രൂപ്പില്‍ നിന്നുയര്‍ന്ന ഈ വാദം. വനിതയെ പരിഗണിച്ചാല്‍ സ്വാഭാവികമായും പത്മജ വേണുഗോപാല്‍ ഇടംപിടിച്ചേക്കുമെന്ന് സൂചനയുള്ളപ്പോള്‍ അതിനെതിരെയും ഐ ഗ്രൂപ്പില്‍ നിന്നുതന്നെ പടയൊരുക്കമുണ്ട്. ജോസ് വള്ളൂര്‍, ടി.വി ചന്ദ്രമോഹന്‍, എംപി വിന്‍സെന്റ് തുടങ്ങിയവരെയാണ് ഐ ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം പിഎ മാധവനെ ഡിസിസി പ്രസിഡന്റായി നിലനിര്‍ത്തണമെന്ന ആവശ്യമാകും എ വിഭാഗം ഉന്നയിക്കുക. എന്നാല്‍ വിഎം സുധീരന്റെ നോമിനിയെന്ന നിലയില്‍ ടിഎന്‍ പ്രതാപനും അധ്യക്ഷസ്ഥാനത്തിന് വേണ്ടി ദില്ലി കേന്ദ്രീകരിച്ചുള്ള കരുനീക്കങ്ങളാരംഭിച്ചതായാണ് വിവരം.

എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അനഭിമതനായതിനാല്‍ ശക്തമായ എതിര്‍പ്പാണ് പ്രതാപനെതിരെയുള്ളത്. ജില്ലയില്‍ അവകാശവാദങ്ങളും തര്‍ക്കങ്ങള്‍ മുറുകുമ്പോഴും സംസ്ഥാനതലത്തിലുള്ള ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങളുമാകും പ്രസിഡന്റ് സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

DONT MISS
Top