ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി പ്രിയദര്‍ശന്‍

vandanam

മോഹന്‍ലാലുമൊത്ത് ചെയ്ത സിനിമകളില്‍ ഒരെണ്ണത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്താല്‍ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്. പ്രേക്ഷര്‍ക്ക് വലിയ വേദനയുണ്ടാക്കിയ വന്ദനത്തിന്റെ ക്ലൈമാക്‌സാണ് മാറ്റി ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

priyadarshan

മോഹന്‍ലാലിനെ വച്ച് താന്‍ സംവിധാനം ചെയ്ത സിനിമകളേക്കാള്‍ ഇഷ്ടം മറ്റ് സംവിധായകര്‍ ചെയ്ത കിരീടവും മണിച്ചിത്രത്താഴും പോലുള്ള സിനിമകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവും, പക്ഷേ മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാവില്ലായിരുന്നുവെന്നും പ്രിയന്‍ പറയുന്നു.

എനിക്ക് കിട്ടിയ ഗുണം എന്നത്, ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് പരിചയമുള്ളതുകൊണ്ട് ആ മുഖത്തെ ഉപയോഗിച്ച് കുറെ ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ്. ബോയിംഗ് ബോയിംഗ്, പൂച്ചയ്‌ക്കൊരു മൂക്കുത്തി, കിലുക്കം, ചിത്രം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയവയെല്ലാം അത്തരം സിനിമകളാണ്. മോഹന്‍ലാല്‍ വില്ലനായാണ് സിനിമയില്‍ തുടങ്ങിയത്. പക്ഷേ എനിക്ക് അന്നേ അറിയാം, മോഹന്‍ലാല്‍ നല്ല തമാശകള്‍ ആസ്വദിക്കുന്ന, എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന്. ഈയൊരു ക്യാരക്ടര്‍ സിനിമയില്‍ നന്നായി ഉപയോഗിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. എങ്ങനെ നീ മറക്കും എന്ന സിനിമയ്ക്ക് ഞാന്‍ എഴുതിയ തിരക്കഥയിലാണ് ലാലിന്റെ ഇത്തരത്തിലുള്ള ഒരു മുഖം സിനിമയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെ പോസിറ്റീവ് ക്യാരക്ടറും ഹീറോയുമായി. അതിന് മുന്‍പുള്ള സിനിമകളില്‍ എല്ലാം ലാല്‍ വില്ലനായിരുന്നു. ലാലിനെ അടുത്തറിയാവുന്നതുകൊണ്ടാണ് അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും പ്രിയന്‍ പറയുന്നു.

DONT MISS
Top