ഫ്ലിപ്പ് കാര്‍ട്ടിന് ചരിത്ര നേട്ടം; ബിഗ് ബില്ല്യണ്‍ ഡേയില്‍ കൊയ്തത് 1400 കോടി

flipkart

മുംബൈ: ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് റെക്കോര്‍ഡ് സൃഷ്ടിച്ച് ഫ്ലിപ്പ് കാര്‍ട്ട്. ദീപാവലിക്ക് മുന്നോടിയായി കമ്പനി പ്രഖ്യാപിച്ച ബിഗ് ബില്ല്യണ്‍ ഡേ ഓഫറില്‍ ഒരു ദിവസം മാത്രം കമ്പനി നേടിയത് 1400 കോടി രൂപയുടെ വില്‍പ്പന. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്.

ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ നേര്‍ചിത്രമാവുകയാണ് ഫ്ലിപ്പ് കാര്‍ട്ടിന്റെ റെക്കോര്‍ഡ് വില്‍പ്പന. ബിഗ് ബില്യണ്‍ ഡേ എന്ന പേരില്‍ ദീപാവലിയ്ക്ക് മുന്നോടിയായി ഫ്ലിപ്പ് കാര്‍ട്ട് പ്രഖ്യാപിച്ച ഓഫറിലാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം വില്‍പ്പനയുണ്ടായിരിക്കുന്നത്. 2015 ല്‍ ഇതേ ഓഫര്‍ അനുസരിച്ച് 5 ദിവസം കൊണ്ട് ഫ്ലിപ്പ് കാര്‍ട്ട് നേടിയത് 2000 കോടി രൂപയുടെ വില്‍പ്പനയാണ്. ഫ്ലിപ്പ്കാര്‍ട്ടിന്റെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്.

ആക്‌സസറീസ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഹോം അപ്ലയന്‍സസ് തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ നേട്ടത്തെ ചരിത്രപരമായ നിമിഷമെന്നാണ് ഫ്ലിപ്പ് കാര്‍ട്ട് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിന്നി ബന്‍സാല്‍ പറഞ്ഞത്. ദീപാവലിയ്ക്ക് മുന്നോടിയായി പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളെല്ലാം തന്നെ വമ്പന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഉത്സവസീസണില്‍ രാജ്യത്ത് ഞെട്ടിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നടക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ആമസോണ്‍ ആണ് ഫ്ലിപ്പ് കാര്‍ട്ടിന് പിന്നിലായി മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന കമ്പനി. 40 മില്യണ്‍ ഉത്പ്പന്നങ്ങളാണ് ഇത്തവണ ഫ്ലിപ്പ് കാര്‍ട്ട് ദീപാവലി ആഘോഷങ്ങള്‍ക്കായി കസ്റ്റമേഴ്‌സിന് നല്‍കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഇത്രയധികം വില്‍പ്പന നേടിയ കമ്പനി വരും ദിനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.

DONT MISS
Top