സ്വാശ്രയ മെഡി.കോളെജുകളിലെ ഫീസ് തര്‍ക്കം: മാനേജ്മെന്റുകളുടെ നിലപാടിന് അനുകൂലമായി സര്‍ക്കാര്‍ വിജ്ഞാപനം

medical

Representational Image

ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് തര്‍ക്ക കേസില്‍ മാനേജ്‌മെന്റുകളുടെ നിലപാടുകള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം. കോഴിക്കോട് കെഎംസിടിഎ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ 10 ലക്ഷവും, കരുണ മെഡിക്കല്‍ കോളേജില്‍ 7,45,000 രൂപയും ഫീസ് ഈടാക്കി പ്രവേശനം നടത്താന്‍ അനുവദിക്കുന്ന വിജ്ഞാപനം ആണ് സര്‍ക്കാര്‍ പുറത്തു ഇറക്കിയത്. സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിക്ക് കൈമാറി.

കോഴിക്കോട് കെഎംസിടിഎ മെഡിക്കല്‍ കോളെജിന് മെറിറ്റ് സീറ്റില്‍ 10 ലക്ഷം ഈടാക്കാന്‍ ജെയിംസ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് 10 ലക്ഷവും, കരുണ മെഡിക്കല്‍ കോളേജിന് 7,45,000 രൂപയും ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും ഈ ഫീസ് നല്‍കേണ്ടി വരും. ഫീസ് കുറയ്ക്കാതെ മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ആയിരുന്നു സര്‍ക്കാര്‍. ഉയര്‍ന്ന ഫീസ് നിരക്കിന് എതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രവേശനത്തിനുള്ള അവസാന തീയതി അടുത്തുവരുന്നതിനാല്‍ കൗണ്‍സിലിങ്ങിന് അനുമതി തേടി ഇന്നലെ കോഴിക്കോട് കെഎംസിടിഎ മെഡിക്കല്‍ കോളേജ് സുപ്രീം കോടതിയെ സമീപിച്ചു.

ഇന്ന് കേസ് പരിഗണനക്ക് എടുത്തപ്പോഴാണ് കെഎംസിടിഎയുടെ അഭിഭാഷകര്‍ ആയ ദുഷ്യന്ത് ദാവെയും, ഹാരിസ് ബീരാനും സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതിക്ക് കൈമാറിയത്. ഉയര്‍ന്ന ഫീസ് ഈടാക്കി പ്രവേശനം നടത്താന്‍ അനുവദിച്ചതിനാല്‍ അപേക്ഷ പിന്‍വലിക്കുന്നതായി ഇരുവരും കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഉയര്‍ന്ന ഫീസ് നല്‍കാന്‍ തയ്യാര്‍ ഉള്ള വിദ്യാര്‍ഥികള്‍ പുതിതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അര്‍ഹതപെട്ടവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കും. ഉയര്‍ന്ന ഫീസിന് എതിരെ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധികമായി അടച്ചതുക തിരികെ ലഭിക്കും എന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

DONT MISS
Top