മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നു: തുറന്നടിച്ച് രമേശ് ചെന്നിത്തല

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സമവായം ഇല്ലാതാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറായിരുന്നെന്നും മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിപക്ഷം ഞെട്ടിത്തരിച്ചെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മുഖ്യമന്ത്രി ദുരഭിമാനം കാണിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തുടര്‍ച്ചയായ എട്ടാം ദിവസവും നിയമസഭ ബഹിഷ്‌കരിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. കരാര്‍ അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന നിലപാടാണ് മാനേജ്‌മെന്റുകള്‍ കൈക്കൊണ്ടത്. എങ്കില്‍ മുഴുവന്‍ കരാറും എടുത്തുമാറ്റാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാനേജ്‌മെന്റുകളോട് കയര്‍ത്ത മുഖ്യമന്ത്രി മോശമായ രീതിയിലാണ് പെരുമാറിയത് ചെന്നിത്തല വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ എല്ലാകാര്യങ്ങളും ധരിപ്പിച്ചിരുന്നതാണ്. മാനേജ്‌മെന്റുകള്‍ ഫീസ് കുറച്ചാല്‍ സര്‍ക്കാരിന് പ്രശ്‌നമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഫീസില്‍ 40,000 രൂപ വരെ കുറയ്ക്കാമെന്നും ഫീസ് ഇളവ് സ്‌കോളര്‍ഷിപ്പോ സബ്‌സിഡിയോ ആയി നല്‍കാമെന്നുമായിരുന്നു മാനേജ്‌മെന്റുകള്‍ ധാരണിയിലെത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ മഖ്യമന്ത്രി മലക്കം മറിയുകയായിരുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്.

ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ ഫീസ് സര്‍ക്കാര്‍ ഫീസ് കുറയ്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി എകെജി സെന്ററില്‍ നിന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് ഫോണ്‍വിളി ചെന്നിരുന്നതായി ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്‌മെന്റുകളാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി സഭയില്‍ അഭിപ്രായപ്പെട്ടു. കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് പരിമിതി ഉണ്ടെന്നും തന്നെ ആക്ഷേപിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം തന്റെ പിടിവാശിയല്ലെന്നും സമവായമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമരം അവസാനിപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു, എന്നാല്‍ പ്രതിപക്ഷം തീരുമാനിച്ചത് സമരം തുടരാനായിരുന്നു. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രിയേയും ആരോഗ്യവകുപ്പ് സെക്രട്ടറിയേയും താന്‍ ആക്ഷേപിച്ചു എന്നത് കെട്ടുകഥയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top