ബിസിസി അംഗങ്ങളെ നഗ്നരാക്കി കെട്ടിയിട്ട് അടിക്കണമെന്ന് കട്ജു

മാര്‍ക്കണ്ഡേയ കട്ജു ( ഫയല്‍ ചിത്രം )

മാര്‍ക്കണ്ഠേയ കട്ജു
( ഫയല്‍ ചിത്രം )

ദില്ലി: ബിസിസിഐ അംഗങ്ങളെ നഗ്നരാക്കി കെട്ടിയിട്ട് അടിക്കണമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ലോധ കമ്മിറ്റിക്ക് ബിസിസിഐയോട് ഇപ്പോഴുള്ള സമീപനം കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും കട്ജു പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ബിസിസിഐക്കെതിരെ കട്ജുവിന്റെ രൂക്ഷ വിമര്‍ശനം.

അതേസമയം ബിസിസിഐ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ തന്റേത് വെറും പരിഹാസമാണെന്ന വാദവുമായി കട്ജു വീണ്ടും രംഗത്തെത്തി. നഗ്നരാക്കി കെട്ടിയിട്ട് അടിക്കണമെന്നത് തന്റെ പരിഹാസമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിസിസിഐയെ താന്‍ വിമര്‍ശിക്കുകയായിരുന്നുവെന്ന് കട്ജു വ്യക്തമാക്കി.  താന്‍ പറഞ്ഞത് പരിഹാസമാണോ അല്ലയോ എന്ന് ഇന്ത്യക്കാര്‍ക്കു മനസ്സിലാകുമെന്ന് കട്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം, പരിഹസിച്ച് പറയുന്നത് വാസ്തവമായി കണക്കാക്കുമെന്നും  എന്നാല്‍ സത്യം പറഞ്ഞാല്‍ അതിനെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും കട്ജു  കുറിച്ചു. കശ്മീരിനൊപ്പം ബിഹാറും പാകിസ്താന് വിട്ടു കൊടുക്കണമെന്നും താന്‍ പറഞ്ഞത് തമാശയല്ലെന്നും കട്ജു കുറിച്ചു.

നേരത്തെ ബിസിസിഐ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ ശൂന്യവും അര്‍ത്ഥമില്ലാത്തതാണെന്ന് കട്ജു വിശേഷിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ബിസിസിഐക്കെതിരെ കട്ജു വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനം കുറ്റമറ്റതാക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി  മാര്‍ഗനിര്‍ദേശങ്ങള്‍ ബിസിസിഐ തള്ളിയതിനെ തുടര്‍ന്ന് നിര്‍ദേശങ്ങളില്‍ അഭിപ്രായം തേടാന്‍ ബിസിസിഐ കട്ജുവിനെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. തുടര്‍ന്ന് ലോധ കമ്മിറ്റിക്ക് ബിസിസിഐയുടെ മേല്‍ യാതൊരു സമ്മര്‍ദവും ചെലുത്താനുള്ള ശക്തിയില്ലെന്നും കട്ജു വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച്ച ബിസിസി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഇത് ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പരയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ലോധ കമ്മിറ്റി രംഗത്തെത്തുകയായിരുന്നു.

DONT MISS
Top