സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് പരിശോധിക്കാന്‍ മൂല്യനിര്‍ണ്ണയ പദ്ധതി വരുന്നു

soudi-govt

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ നിപുണത വിലയിരുത്തുന്നാനുളള മൂല്യനിര്‍ണയ പദ്ധതി നിലവില്‍ വന്നു. പദ്ധതി പ്രകാരം ജോലിയിലെ മികവ് പരിശോധിച്ച് ജീവനക്കാരെ അഞ്ച് വിഭാഗങ്ങളായി തിരിക്കും. തൃപ്തികരമായി ജോലി നിര്‍വഹിക്കാത്തവര്‍ക്ക് ശമ്പള വര്‍ദ്ധനവും പ്രൊമോഷനും തടയുന്നതാണ് പദ്ധതി.

സൗദി അറേബ്യ പ്രഖ്യാപിച്ച ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യശേഷി വിലയിരുത്തുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പടെ പതിനഞ്ച് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് രാജ്യത്തുളളത്. മൂല്യനിര്‍ണയ പദ്ധതി ഇവര്‍ക്ക് ബാധകമാണ്.
ജോലിയിലെ മികവ് പരിശോധിച്ച് ജീവനക്കാരെ മികച്ചത്, വളരെ നല്ലത്, നല്ലത്, തൃപ്തികരം, തൃപ്തികരമല്ല തുടങ്ങിയ അഞ്ച് വിഭാഗങ്ങളായി തിരിക്കും. ഓരോ വര്‍ഷവും ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുളള അവസരം നല്‍കും . രണ്ടാം വര്‍ഷത്തെ പ്രകടനം മോശമായാല്‍ കാരണം ബോധിപ്പിക്കണം. മൂന്നുവര്‍ഷത്തെ വിലയിരുത്തലില്‍ തൃപ്തികരമായി ജോലി നിര്‍വഹിക്കാത്തവരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുളള അച്ചടക്ക നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ മനുഷ്യ വിഭവശേഷി ഉയര്‍ത്തുന്നതിനും ഉത്തരവാദിത്ത ബാധം വര്‍ധിപ്പിക്കുന്നതിനുമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും തൊഴില്‍ സംസ്‌കാരം പരിഷ്‌കരിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നും സിവില്‍ സര്‍വീസ് മന്ത്രാലയം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top