റോഡ് മുറിച്ച് കടക്കുകയായിരുന്ന ആനയ്ക്ക് ബസിടിച്ച് ദാരുണാന്ത്യം

elephnt

ലാംപാങ്: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആന ഡബിള്‍ ഡക്കര്‍ ബസിടിച്ച് ചരിഞ്ഞു. തായലാന്റിലെ ഹാങ് ചാറ്റ് പ്രവിശ്യയിലാണ് ആന ദാരുണമായി ചരിഞ്ഞത്. വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ബാങ്കോകില്‍നിന്നും ചിയാങ് മായിലേക്ക് പോവുകയായിരുന്ന ബസ്സ് റോഡ് മുറിച്ചുകടക്കുകയായിരുന്ന എട്ട് വയസുള്ള കൊമ്പനാനയെ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തു.

മണിക്കൂറില്‍ 60കിമീറ്ററോളം വേഗതയിലായിരുന്ന ബസ് ആനയെ ഇടിച്ച് 30 മീറ്ററോളം പിന്നിട്ടാണ് നിന്നത്. അപകടത്തില്‍ ബസ്സ് ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണ്. 25 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗത്ത് കുടുങ്ങിക്കിടന്ന ആനയെ രക്ഷാപ്രവര്‍ത്തകര്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുമ്പോഴേക്കും ആന ചരിഞ്ഞു. അടുത്തുള്ള കാട്ടില്‍ നിന്നും റോഡിലേക്ക് വന്നതാവാം ആനയെന്നാണ് നിഗമനം. നേരത്തേ നാട്ടില്‍ ഇറങ്ങിയ ഈ ആനയെ അധികൃതര്‍ കാട്ടില്‍ വിട്ടിരുന്നു. പിന്നീട് രാത്രിയില്‍ അലഞ്ഞു തിരിഞ്ഞ ആന റോഡിലേക്ക് കയറുകയായിരുന്നു. ഇരുട്ട് ആയത് കൊണ്ട് തന്നെ ഡ്രൈവര്‍ക്ക് ആനയെ കാണാന്‍ സാധിച്ചിട്ടുണ്ടാവില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

DONT MISS
Top