ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും

nia

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും. തിരൂര്‍ സ്വദേശി സഫ്‌വാനാണ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍. സഫ്‌വാന്‍ തേജസ് പത്രത്തിലെ ജീവനക്കാരനാണ്. കനകമലയില്‍ നിന്നുമാണ് എന്‍ഐഎ സഫ്‌വാനെ പിടികൂടിയത്. കൊച്ചി എന്‍ഐഎ കോടതിയില്‍ പിടികൂടിയ പ്രതികളെ ഹാജരാക്കി.

നേരത്തെ, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന തൊടുപുഴ സ്വദേശിയെയും തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ പിടികൂടിയിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആറ് പേരെ എന്‍ഐഎ സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ സ്വദേശിയെ എന്‍ഐഎ അറസ്റ്റു ചെയ്തത്.

അറസ്റ്റിലായവര്‍ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവ് എന്‍ഐഎക്ക് ലഭിച്ചു. ചാറ്റിംഗിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും പരിശോധിച്ചു വരികയാണ്.

ഇന്നലെയാണ് സംസ്ഥാനത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ട ആറ് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ കനകമല ,കോഴിക്കോട്ടെ കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു ആറുപേരെയും റസ്റ്റ് ചെയ്തത്. കേരളം, തമിഴ്‌നാട്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസുമൊത്ത് സംയുക്തമായാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ച് നഗരങ്ങള്‍ ആക്രമിക്കാനും സുപ്രധാന വ്യക്തികളെ വകവരുത്താനുമായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതെന്നും എന്‍എഐ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top