അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി ആസൂത്രിതമായി അവതാരകനും മിമിക്രിക്കാരും ചേര്‍ന്ന് ആക്രമിച്ചു; നടന്നത് കുടുക്കാനുള്ള ശ്രമം

sreekandan-nair-show
സോഷ്യല്‍ മീഡിയയില്‍ വന്‍പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്.താങ്കളെ പിന്തുണച്ച് താരങ്ങള്‍ പോലും രംഗത്തെത്തിയിരിക്കുകയാണ്. എന്ത് തോന്നുന്നു ഇപ്പോള്‍? ഫ്‌ളവേഴ്‌സ് പരിപാടി അനുഗ്രഹമായോ?

തീര്‍ച്ചയായും. മുന്‍പ് എന്നെ വളരെ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്ന ഒരു ചാനലായിരുന്നു ഫ്‌ളവേഴ്‌സ്. എന്നാല്‍ ഇത്രയും നിലവാരം കുറഞ്ഞ മിമിക്രിക്കാരുടെ കൂടെ ഇനി പരിപാടിക്കില്ലെന്ന് മുന്‍കൂട്ടി പറഞ്ഞ എന്നെ, ‘കൗണ്ടര്‍’എന്ന ഒരു ഓണം അഭിമുഖ പരിപാടിക്കാണെന്ന വ്യാജേനയാണ് അവര്‍ ഫ്‌ളോറിലെത്തിച്ചത്. പിന്നെ നിവൃത്തിയില്ലാതെ പരിപാടിയില്‍ സഹകരിക്കാന്‍ തയ്യാറാകുകയായിരുന്നു. കൂട്ടമായ അക്രമണമായിരുന്നു എനിക്ക് നേരെ ഉണ്ടായത്. അവതാരകന്‍ അതിന് ഒരു ദാക്ഷിണ്യവുമില്ലാതെ കൂട്ട് നില്ക്കുകയും ചെയ്തു. പക്ഷേ ഉര്‍വശി ശാപം ഉപകാരമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പരിപാടി എയര്‍ ചെയ്ത ശേഷം പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലീയ രീതിയിലുളള പിന്തുണ കിട്ടി. അജു വര്‍ഗീസ്, സിഥാര്‍ത്ഥ് മേനോന്‍ എന്നിവര്‍ ഉള്‍പ്പടെയുളള താരങ്ങള്‍ വരെ ഫേയ്‌സ്ബുക്ക് വഴിയും നേരിട്ടും പിന്തുണ അറിയിച്ചു. എന്നെ കൂട്ടമായി അക്രമിപ്പിച്ച് റേറ്റിംഗ് ഉയര്‍ത്തുക എന്ന ഏഷ്യാനെറ്റിന്റെ അതേ രീതിയാണ് ഇവിടെ ഫ്‌ളവേഴ്‌സും സ്വീകരിച്ചത്. ഇത് ആക്‌സിഡന്റലി ആണെന്ന് വിശ്വസിക്കുന്നില്ല, പ്ലാന്‍ഡ് ആയിരുന്നു എന്നാണ് കരുതുന്നത്.

ഇത്തരത്തില്‍ മുന്‍അനുഭവങ്ങളുണ്ടോ?

ഇതാദ്യമായല്ല ഇങ്ങനെയുള്ള അനുഭവമുണ്ടാകുന്നത്. മുന്‍പ് ഏഷ്യാനെറ്റില്‍ ഒരു പരിപാടിയിലും സമാനമായ അനുഭവമുണ്ടായിരുന്നു. പരിപാടിക്കെത്തിയ പെണ്‍കുട്ടികളില്‍ ചിലരോട് എന്നെ അപമാനിക്കണമെന്നും എന്നാല്‍ ട്രൈലറില്‍ പോകുമെന്നും പ്രൊഡ്യൂസര്‍ പറഞ്ഞതായി അവരില്‍ ചിലര്‍ തന്നെ വന്ന് പറയുകയുണ്ടായി. ഈ പരിപാടിയിലും അങ്ങനെ തന്നെയാണ്. എന്നെ അക്രമിച്ച് സംസാരിച്ചവര്‍ക്ക് മാത്രമാണ് കൂടുതല്‍ സമയം നല്‍കിയതെന്നതും പ്ലാനിംഗ് വ്യക്തമാക്കുന്നു. പക്ഷേ ഇനിയും ഫ്‌ളവേഴ്‌സ് ഒരു പരിപാടിക്ക് വിളിച്ചാല്‍ ഞാന്‍ പോകും. കാരണം ഒരു പണിയുമില്ലാതെ നിരാശരായി കിടക്കുന്ന ഇവന്മാരെ(മിമിക്രിക്കാരെ) ഒക്കെ ഒന്ന് ടീവിയില്‍ കണ്ടോട്ടെ.

അന്ന് സത്യത്തില്‍ സംഭവിച്ചതെന്തായിരുന്നു?

സത്യത്തില്‍ ഫ്‌ളവേഴ്‌സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോഴാണ് മിമിക്രിക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത്. പിന്നെ വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി ഷോയ്ക്ക് കയറി. തുടക്കം മുതല്‍ എന്നെ ചിലര്‍ മനപ്പൂര്‍വം ചൊറിയാന്‍ തുടങ്ങിയിരുന്നു. പലതവണ ശ്രമിച്ചിട്ടും ഞാന്‍ പ്രകോപിതനാകാത്തതിനെ തുടര്‍ന്ന് അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ എല്ലാരും ചേര്‍ന്ന് അക്രമിച്ചു. വര്‍ഷാവര്‍ഷം ഞാന്‍ സിനിമ ഇറക്കുന്നതും എന്റെ കൂടെ അഭിനയിക്കാന്‍ സുന്ദരികളായ നടിമാരെ കിട്ടുന്നതുമായിരുന്നു അവരുടെ ചൊറിക്ക് കാരണം. ഞങ്ങള്‍ പത്ത് മുപ്പത് കൊല്ലമായി ഇവിടെ കിടന്ന് ചിരച്ചിട്ടും ഒരുപെണ്ണ് പോലും പുറകെ വരുന്നില്ലെന്ന ചിന്തയാണ് എന്നെ എതിര്‍ക്കാന്‍ കാരണമെന്നാണ് തോന്നുന്നത്. ഇവരുടെ ഈ നിരാശയെ അതിവിദഗ്ദമായി മുതലെടുക്കുകയാണ് ചാനല്‍ ചെയ്തത്. നിരാശരായ ഇവര്‍ എന്നെ കടിച്ച് കീറുമെന്ന് അവര്‍ക്കറിയാം. എന്തായാലും ആര്‍ക്കാ ഇപ്പോ കടിയേറ്റതെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടല്ലോ? മിമിക്രിക്കാര്‍ക്ക് ഒരു നേരത്തേ ചോറ്, ചാനലിന് ആവശ്യത്തിന് പരസ്യം, എനിക്ക് നല്ല കാശ് അത്രയേ ഈ പരിപാടികൊണ്ട് ഞാന്‍ കണക്കാക്കുന്നുളളു.

അന്ന് അക്രമിച്ചവരോട് സന്തോഷ് പണ്ഡിറ്റ് സ്‌റ്റൈലില്‍ എങ്ങനെ മറുപടി പറയും?

‘യുദ്ധത്തിന് കഴുതകളും പന്നികളും കൂട്ടമായെ പോകാറുളളു. പക്ഷേ സിംഹത്തിന് കൂട്ട് വെണമെന്നില്ല. അന്ന് അതാണ് അവിടെ സംഭവിച്ചത്’

അവതാരകന്‍ പലപ്പോഴും ഏകപക്ഷീയമായാണ് ഇടപെട്ടതെന്ന് തോന്നിയോ?

പലപ്പോഴും എന്നല്ല പൂര്‍ണ്ണമായും മിമിക്രിക്കാരുടെ സൈഡില്‍ നിന്നായിരുന്നു ശ്രീകണ്ഠന്‍ നായര്‍ സംസാരിച്ചത്. റേറ്റിംഗ് എന്ന ഒറ്റ ലക്ഷ്യവുമായാണ് അവതാരകന്‍ ആ പരിപാടി നയിച്ചത്. ഷോ കഴിഞ്ഞ ശേഷം വളരെ സൗഹൃദപരമായാണ് ഇടപെട്ടത്. ‘ഇതാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പണ്ഡിറ്റേ’ എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായി സൗഹൃദം ഉണ്ടായിട്ടും റേറ്റിംഗ് എന്ന ഒറ്റ ലക്ഷ്യത്തിനായി അദ്ദേഹം എന്നെ ഉപയോഗപ്പെടുത്തി. പക്ഷേ സന്തോഷ് പണ്ഡിറ്റിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹത്തോട് ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നത്.

എന്താണ് പണ്ഡിറ്റിന്റെ പുതിയ പ്രതീക്ഷ?

എന്റെ ഓരോ സിനിമകള്‍ തന്നെയാണ് എന്റെ പ്രതീക്ഷകളും. ഇനി രണ്ട് സിനിമകളാണ് റീസെന്റായി റിലീസ് ചെയ്യാനുളളത്. നീലിമ നല്ല കുട്ടിയാണും ഉരുക്ക് സതീശനും. രണ്ടും രണ്ട് ഡിഫറന്റ് കഥകളാണ്. നിലിമ നവംബര്‍ അവസാനത്തോടെ റിലീസ് ചെയ്യും.

വിവാദത്തില്‍ പിന്തുണയുമായി എത്തിയ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളോടും ട്രോളന്മാരോടും എന്താണ് പറയാനുള്ളത്?

വിവാദങ്ങള്‍ക്ക് പിറകെ പേകാതെ ഞാന്‍ സിനിമകളില്‍ ശ്രദ്ധിക്കുകയാണ്. പുതിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാന്‍. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. നവമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ട്രോളന്മാര്‍ക്ക് നന്ദി

DONT MISS
Top