പാക് താരങ്ങളെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ സല്‍മാന്‍ ഖാന് പാകിസ്താനിലേക്ക് പോകാമെന്ന് ശിവ സേന

salman

സല്‍മാന്‍ ഖാന്‍ (ഇടത്), ശിവസേന നേതാവ് മനീഷ( വലത്)

മുംബൈ: പാക് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വിമര്‍ശിച്ച് ശിവ സേന. സല്‍മാന്‍ പാക് സാരങ്ങളെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം സല്‍മാന്‍ ഖാനും പാകിസ്താനിലേക്ക് പോകാമെന്ന് ശിവസേന നേതാവ് മനീഷ കയേണ്ട പറഞ്ഞു. വിഷയത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ ആധികാരികമായി പഠിക്കേണ്ടതുണ്ടെന്നും മനീഷ പറഞ്ഞു.

പാക് നടീനടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിക്കെതിരെ ഇന്നലെയാണ് സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയത്. ദില്ലിയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം. പാക് താരങ്ങള്‍ ആര്‍ട്ടിസ്റ്റുകളാണെന്നും അവര്‍ തീവ്രവാദികളല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.പാകിസ്താനില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ വര്‍ക്ക് പെര്‍മിറ്റോടെയാണെന്നും സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ശിവസേന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പാകിസ്താനില്‍ നിന്നും നിരവധി പാക് ചലചിത്രപ്രവര്‍ത്തകരാണ് ബോളിവുഡില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിനു ശേഷമേ ഇവരെ ഇന്ത്യന്‍ ചലചിത്രലോകവുമായി സഹകരിപ്പിക്കൂ എന്നാണ് അസോസിയേഷന്റെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top