സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇംഗ്ലീഷ് കലണ്ടറിലേക്ക് മാറ്റുന്നു

saudi

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഹിജ്‌റ കലണ്ടറില്‍ നിന്ന് ഇംഗ്ലീഷ് കലണ്ടറിലേക്ക് മാറ്റുന്നു. അടുത്തമാസം ഒന്ന് മുതല്‍ ഇത് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇഗ്ലീഷ് കലണ്ടറിന് അനുസൃതമാക്കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഹിജ്‌റ കലണ്ടര്‍ പ്രകാരം വര്‍ഷത്തില്‍ 354 ദിവസവും ഇംഗ്ലീഷ് കലണ്ടറില്‍ 365 ദിവസവുമാണുള്ളത്. ഇംഗ്ലീഷ കലണ്ടറിലേക്ക് ശമ്പള വിതരണം മാറ്റുന്നതിലൂടെ വര്‍ഷം 30 ലക്ഷം ജീവനക്കാരുടെ 11 ദിവസത്തെ വേതനത്തിന്റെ കുറവ് ഉണ്ടാകും. ഇതിലൂടെ ഒരു ജീവനക്കാരന്‍ 33 വര്‍ഷം സേവനം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു വര്‍ഷത്തെ ശമ്പളം ലാഭിക്കാന്‍ കഴിയും. ഇതുവഴി ഭീമമായ സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ വരുമാനം ഉണ്ടാകും. ഇതാണ് ശമ്പള വിതരണത്തിന് ഇംഗ്ലീഷ് കലണ്ടറിനെ ആശ്രയിക്കാന്‍ കാരണം. രാജ്യത്തെ വന്‍കിട കമ്പനികളും ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ് ശമ്പളം വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ പുതിയ തീരുമാനം സ്വീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ മേഖലയും ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ശമ്പള വിതരണം തുടങ്ങും.

സൗദി അറേബ്യയില്‍ 33.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണുളളത്. ഇതില്‍ 12.6 ലക്ഷം സിവില്‍ ഉദ്യോഗസ്ഥരും ബാക്കിയുളളവര്‍ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. സര്‍ക്കാര്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കാനും മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top