സാരി-ഷാള്‍ ബന്ധം മുതല്‍ സര്‍ജിക്കല്‍ ആക്രമണം വരെ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് പരീക്ഷണങ്ങളിങ്ങനെ

shereef-modi

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും (ഫയല്‍ ചിത്രം)

ദില്ലി: 2014 മെയ് 26 അന്നാണ് നരേന്ദ്രദാമോദര്‍ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയത്. അന്നുമുതലുണ്ട്, പാകിസ്ഥാനെന്ന ‘ഭീകര’ അയല്‍വാസിയുമായുള്ള ഒരു പ്രത്യേകതരം ഇടപെടല്‍. ഷാള്‍ വാങ്ങിക്കൊടുക്കലും ജന്മദിനത്തിന് പോകലും തുടങ്ങി മിന്നലാക്രമണത്തിലെത്തി നില്‍ക്കുന്ന ഈ ഇടപെടലുകളെ മൂന്ന് ഘട്ടമായി നമുക്ക് വിലയിരുത്താം. ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലും കൃത്യമായ മേല്‍ക്കൈ ഇന്ത്യയ്ക്കുണ്ട്.

മന്‍മോഹന്‍സിംഗ് ഭരണക്കാലത്ത് നടന്ന മുംബൈ ഭീകരാക്രമണമുള്‍പ്പെടെ അവഗണിച്ചായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി പാകിസ്ഥാന്റെ മുന്നില്‍ സൗഹൃദഹസ്തം നീട്ടിയത്. കാര്‍ഗില്‍ യുദ്ധത്തിന് പിന്നാലെ, ബസ് നയതന്ത്രവുമായി രംഗത്തെത്തിയ വാജ്‌പേയോടാണ് പലരും മോദിയെ അന്ന് താരതമ്യം ചെയ്തത്. പക്ഷെ, പത്താംകോട്ട്, ഉറി അക്രമത്തിന് ശേഷം ഇതേ ആളുകള്‍ തന്നെ, ‘അന്‍പത്താറിഞ്ച് നെഞ്ചി’ല്‍ വരെ തൊട്ട് കളിതുടങ്ങി. ഇന്നവരെല്ലാം തന്നെ ‘മോദി പണിഷസ് പാക്’ എന്ന ഹാഷ് ടാഗിന് പിന്നാലെയാണ്. ഇപ്പോള്‍ നമുക്ക് പരിശോധിക്കാം, ഷാള്‍ വാങ്ങിക്കൊടുക്കലില്‍ തുടങ്ങി സര്‍ജിക്കല്‍ ആക്രമണം വരെയെത്തിയിരിക്കുന്ന മോദിയുടെ പാക് നയതന്ത്രഇടപെടലുകളെക്കുറിച്ച്.

ഒന്നാംഘട്ടം അഥവാ ഷാള്‍ സാരി ഘട്ടം

പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചാണ് നരേന്ദ്രമോദി ആദ്യം ലോകത്തെ ഞെട്ടിച്ചത്. ലോകമാകെ ചര്‍ച്ച ചെയ്തിരുന്നു ഈ ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷെരീഫ് പങ്കെടുത്തത് ഇരുരാജ്യത്തെയും ജനങ്ങളേയും പോലും ഞെട്ടിച്ചിരുന്നുവെന്നതാണ് സത്യം. വെറും കയ്യോടെയല്ല ഇരുവരും പോയത്. മോദിയുടെ അമ്മയ്ക്ക് ഷെരീഫ് പാക് സാരി കൊണ്ടുവന്നപ്പോള്‍, ഷെരീഫിന്റെ അമ്മയ്ക്ക് ഷാളാണ് മോദി സമ്മാനിച്ചത്. സാരി-ഷോള്‍ നയതന്ത്രമെന്നാണ് ഇത് അറിയപ്പെട്ടതും.

modi-shereef

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നവാസ് ഷെരീഫിനെ മോദി സ്വീകരിക്കുന്നു

2014 ജൂലൈയില്‍ ഡസന്‍ കണക്കിന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക് സേന നടത്തിയപ്പോളും മോദി പരക്കെ വിമര്‍ശിക്കപ്പെട്ടു. 2014 ആഗസ്റ്റില്‍ പാക് ഹൈക്കമ്മീഷണര്‍ വിഘടനവാദി നേതാക്കളെ കണ്ടതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത്രയ്ക്കങ്ങോട്ട് ബാധിച്ചില്ല. 2014 നവംബറില്‍ കാത്മണ്ഠുവില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തിലും ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ പരസ്പരം കണ്ട് സ്‌നേഹം പങ്കുവെച്ചു.

modi-shereef-russia

റഷ്യയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോള്‍

പിന്നീട് ഇരുനേതാക്കളും തമ്മില്‍ കണ്ടത് 2015 ജൂലൈയില്‍ റഷ്യയില്‍ വെച്ചാണ്. അതിന് ശേഷം ഹുറിയത് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇന്ത്യ അനുവദിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. എങ്കിലും 2015 നവംബറില്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനസമ്മേളനത്തില്‍ ഇരുനേതാക്കളും വീണ്ടും നകണ്ടുമുട്ടി. ഇതിന് തൊട്ടുപിന്നാലെ സുഷമാ സ്വരാജ് സമാധാന സന്ദേശവുമായി ഇസ്ലാമാബാദിലെത്തി.

modi-shereef1

നവാസ് ഷെരീഫിന്‍റെ ജന്മദിനത്തിന് നരേന്ദ്രമോദി അപ്രതീക്ഷിത അതിഥിയായി എത്തിയപ്പോള്‍

അതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആ സംഭവമുണ്ടായത്. 2015 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനമെന്നാല്‍ ഷെരീഫിന്റെ ജന്മദിനം കൂടിയായിരുന്നു. അഫ്ഗാനില്‍ നിന്ന് മടങ്ങിവരുന്ന വഴിയില്‍, അപ്രതീക്ഷിതമായി ഷെരീഫിനെ ജന്മദിനാശംസയറിയിക്കാന്‍ മോദി വീണ്ടും പാകിസ്ഥാനിലെത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കാന്‍ ഈ സന്ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെട്ടത്. പക്ഷെ, 2016 ജനുവരി 2ന് പത്താംകോട്ട് വ്യോമസേനാ ആസ്ഥാനത്ത് ഭീകരര്‍ അക്രമണം നടത്തി ആറ് സൈനികരെ കൊലപ്പെടുത്തി.

രണ്ടാം ഘട്ടം (മോദിക്ക് ഷെരീഫിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഘട്ടം)
പത്താംകോട്ട് ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യാ-പാക്ക് ബന്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അപ്പോളും പാകിസ്താനോട് സൗഹൃദമുപേക്ഷിക്കണമെന്നുണ്ടായില്ല. ഇന്ത്യാ-പാക് സംയുക്ത അന്വേഷണ സംഘം അങ്ങനെ പത്താംകോട്ട് അക്രമത്തെക്കുറിച്ച് മാര്‍ച്ചില്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിക്കുന്നു. എന്നാല്‍ പത്താന്‍കോട്ട് നടന്നത്, ഇന്ത്യ ഒരുക്കിയ വ്യാജ ഏറ്റുമുട്ടലാണെന്നാണ് പാക് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടെന്ന് പാക് മാധ്യമങ്ങള്‍ തൊട്ടുപിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നത്രേ ഇത്.

modi-pathamkot

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കുന്നു

ഇതോടെ മോദിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. അദ്ദേഹം തീവ്രവാദത്തിനെതിരെയും പാകിസ്ഥാനെതിരെയും ആഞ്ഞടിച്ചു. ബലൂചിസ്താനിലെയും ഗില്‍ജിത്തിലെയും പാക് അധീന കാശ്മീരിലെയും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഇതോടെ ഈ പ്രദേശങ്ങളില്‍ പാക് വിരുദ്ധവികാരം ആഞ്ഞടിച്ചു

മൂന്നാംഘട്ടം (പ്രത്യാക്രമണത്തിന്റെ ദിനങ്ങളിലേക്ക് )

modi-after-uri-attack

ഉറി ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം

ഇതിന് പിന്നാലെയാണ് ഉറിയില്‍ സെപ്റ്റംബര്‍ 18ന് ഭീകരാക്രമണം നടക്കുന്നത്. ഇതാണ് ഇന്ത്യ-പാക് ബന്ധത്തിന്റെ മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്നത്. പാകിസ്താന്‍ തെമ്മാടി രാഷ്ട്രമാണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞ ആ നിമിഷം മുതല്‍, പരസ്യമായിത്തന്നെ മോദി പാക് വിരുദ്ധ പ്രവര്‍ത്തനമാരംഭിച്ചു. നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുതതാനുള്ള സുപ്രധാന ഇടപെടലുകള്‍ ഇന്ത്യ നടത്തി. ഇന്‍ഡസ് ജലകരാറിനെക്കുറിച്ചുള്ള പുനരാലോചിക്കുന്നതും, അതിസൗഹൃദരാജ്യപദവി ഒഴിവാക്കിയതും, സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയതുമെല്ലാം ഇതിന്റെ ബാക്കിയിയി നടന്നു. അതിന് പിന്നാലെയാണ് ഇന്ന് അപ്രീതക്ഷിതമായി നിയന്ത്രണരേഖ കടന്നുള്ള സൈന്യത്തിന്റെ ആക്രമണവും.

ഇന്ത്യന്‍ പ്രധാനമന്ത്രി നയതന്ത്ര ഇടപെടലുകളില്‍ എത്രമാത്രം ശോഭിക്കുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണമായാണ് ഈ പാക് അനുഭവങ്ങള്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top