ആ ധീരന്മാര്‍ 25 പേര്‍, ലക്ഷ്യം ആറ് കേന്ദ്രങ്ങള്‍, അതിര്‍ത്തി കടന്നത് ധ്രുവില്‍, ഓരോ ചുവടും നിരീക്ഷിച്ച് പ്രതിരോധമന്ത്രി; സൈന്യത്തിന്റെ ആ മാസ്റ്റര്‍പ്ലാന്‍ ഇങ്ങനെ

indian-army-the-pride

ഇന്ത്യന്‍ സൈന്യം(ഫയല്‍ ചിത്രം)

തീവ്രവാദമെന്ന വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ ഭീഷണിക്ക് ഇത്ര കനത്ത തിരിച്ചടി ഇന്ത്യ നല്‍കിയിട്ടുണ്ടാകില്ല. ഓരോ നിമിഷവും ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷനെക്കുറിച്ച് വ്യത്യസ്ത കഥകളാണ് പ്രചരിക്കുന്നത്. ഏറ്റവുമൊടുവിലെ വിവരങ്ങളനുസരിച്ച് 38 തീവ്രവാദികളും രണ്ട് പാക് സൈനികരുമാണ് ഇന്ത്യയുടെ ഈ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈനികരില്‍ രണ്ട് പേര്‍ക്ക് കുഴിബോംബ് പൊട്ടിത്തെറിച്ച് നിസാര പരിക്കേറ്റെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ ആരെയും അമ്പരപ്പിക്കുന്ന ആ ആക്ഷന്‍ പ്ലാന്‍ ഇങ്ങനെ
അര്‍ധരാത്രിയോടെ പുറപ്പെടല്‍

ഇന്ത്യന്‍ സൈന്യത്തിന്റെ ധ്രുവ് എന്ന അത്യാധുനിക ഹെലികോപ്റ്ററാണ് 25 കമാന്റോകളുമായി അര്‍ധരാത്രിയില്‍ രാജ്യത്തിന്റെയാകെ വികാരമുള്‍ക്കൊണ്ട് പുറപ്പെട്ടത്. നാലാമത്തേതും ഒന്‍പത്താമത്തേതും പാരാമിലിറ്ററി യൂണിറ്റിലെ അംഗങ്ങളായിരുന്നു ആ ഇരുപത്തിയഞ്ച് പോരാളികള്‍. ഇവരെ പാകിസ്താനിലെത്തിച്ച് ഹെലികോപ്റ്റര്‍ മടങ്ങി. ഇതാ, ഇപ്പോള്‍ നമ്മുടെ ഭടന്മാര്‍ ശത്രുവിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. റോക്കറ്റ് ലോഞ്ചറുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നില്‍ക്കുന്ന തീവ്രവാദികളുടെയും പാക് പട്ടാളത്തിന്റെയും തൊട്ടടുത്ത്.

dhruv

ധ്രുവ് ഹെലികോപ്റ്റര്‍ (ഫയല്‍ ചിത്രം)

എങ്ങനെ ലക്ഷ്യസ്ഥാനത്തെത്തി?
ഹെലികോപ്റ്ററില്‍ നിന്ന് നിലത്തെത്തിയ ശേഷം, കരമാര്‍ഗമായിരുന്നു സൈനികരുടെ യാത്ര. ചില്ലറ ദൂരമല്ല, മൂന്ന് കിലോമീറ്ററോളമായിരുന്നു ഈ യാത്ര. പാക് സേനയുടെ കയ്യില്‍ ഏത് നിമിഷവും പെടുമെന്ന സ്ഥിതിയിലായിരുന്നു ഈ യാത്രയത്രയും. ചെളിയും പാറയും കാടുമെല്ലാമുള്ള ഈ വഴിയില്‍ നിരവധി കുഴിബോംബുകളുമുണ്ടായിരുന്നത്രേ. ചുരുങ്ങിയത് 30ഓളം തീവ്രവാദികള്‍ വീതമുള്ള അഞ്ച് ഭീകരകേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നവരായിരുന്നു ഭീകരകേന്ദ്രങ്ങളിലെ തീവ്രവാദികളെല്ലാം. ഭിംബാര്‍, കേല്‍, ടട്ടപാനി, ലീപ മേഖലയിലായിരുന്നു ഈ സം കേന്ദ്രങ്ങളെല്ലാം. സൈനികര്‍ ഈ കേന്ദ്രങ്ങളിലേക്ക് നീങ്ങുമ്പോള്‍, റോ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളെല്ലാം ജാഗ്രതയോടെ ഭീകരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മിന്നലാക്രമണം എങ്ങനെ?

m4-carbine

എം4 കാര്‍ബിന്‍ തോക്കുകള്‍

മിന്നലാക്രമണ ടീമിന് ആറ് ലക്ഷ്യങ്ങളായിരുന്നു. ഓപ്പറേഷനില്‍ മൂന്ന് കേന്ദ്രങ്ങള്‍ നാമാവശേഷമാക്കാന്‍ നമുക്ക് കഴിഞ്ഞു. തവോര്‍, എം4 തോക്കുകള്‍, ഗ്രനേഡുകള്‍, സ്‌മോക്ക് ഗ്രനേഡുകള്‍ എന്നിവയായിരുന്നു ഇന്ത്യന്‍ കമാന്റോകളുടെ കയ്യിലെ ആയുധങ്ങള്‍. അവരെല്ലാവരും രാത്രി കാഴ്ചയ്ക്കുള്ള നൈറ്റ് വിഷന്‍ ഉപകരണങ്ങളും, ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റുകളും ധരിച്ചിരുന്നു, ഒപ്പം അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും(യുബിജിഎല്‍) കരുതിയിരുന്നു സംഘം.

ലക്ഷ്യകേന്ദ്രത്തിലെത്തിയ ശേഷം, എതിരാളികളെ അമ്പരപ്പിച്ച് പ്രതീക്ഷിക്കാത്ത അക്രമണം നടത്താനാണ് സൈന്യം പദ്ധതി തയ്യാറാക്കിയിരുന്നത്. തീവ്രവാദികളെ അക്രമിക്കാനാരംഭിക്കുമ്പോള്‍ തന്നെ, ക്യാമ്പുകള്‍ക്ക് നേരെ സ്‌മോക്ക് ഗ്രനേഡുകള്‍ ഇന്ത്യന്‍ സൈനികര്‍ എറിഞ്ഞിരുന്നു. എന്താണം സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ തീവ്രവാദികളെയും പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വകവരുത്തി. ഇതിനിടയില്‍ കുഴിബോംബ് പൊട്ടി രണ്ട് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്ക് പറ്റി.

ഓരോ നിമിഷവും നിരീക്ഷണവുമായി ദില്ലി
ഒസാമ ബിന്‍ലാദനെ വധിക്കാനുള്ള ഓപ്പറേഷന്‍ നടക്കുമ്പോള്‍, അമേരിക്കന്‍ ഭരണാധികാരികളെങ്ങനെയാണോ അതുപോലെയായിരുന്നു ഇന്നലെ രാത്രി ഇന്ത്യന്‍ ഭരണാധികാരികളും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും, സൈനിക മേധാവി ദല്‍ബിര്‍ സിംഗ് സുഹാഗ് എന്നിവര്‍ ഓരോ നിമിഷവും വിലയിരുത്തി, ദില്ലിയിലുണ്ടായിരുന്നു. സൈനികരുടെ ഹെല്‍മറ്റുകളിലെയും ഡ്രോണുകളിലെയും ക്യാമറകളിലെ ദൃശ്യങ്ങല്‍ പ്രതിരോധമന്ത്രിയുള്‍പ്പെടെയുള്ളവര്‍ തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്ന് ഇതിന് ശേഷം പരീക്കര്‍ പ്രതികരിച്ചിരുന്നു. പിഒകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പരീക്കര്‍ പറഞ്ഞു. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവായ സൂസന്‍ റൈസുമായി ഇക്കാര്യം അജിത് ഡോവല്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

manohar-pariker

മനോഹര്‍ പരീക്കര്‍(ഫയല്‍ ചിത്രം)

രാത്രി ഭക്ഷണവുമുപേക്ഷിച്ച് വാര്‍ റൂം യോഗം
12.30ന് ആരംഭിച്ച് 4.30നാണ് ഈ പോരാട്ടം അവസാനിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ തന്നെ പോരാട്ടത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു, സൈനിക ആസ്ഥാനം. പരീക്കറും ഡോവലും ജനറല്‍ സുഹാഗും പങ്കെടുക്കേണ്ട ഒരു ഡിന്നര്‍ പാര്‍ട്ടിയുണ്ടായിരുന്നു കോസ്റ്റ് ഗാര്‍ഡ് കമാന്റര്‍ സമ്മേളനത്തില്‍. ഇന്നലെ അത്താഴം പോലുമുപേക്ഷിച്ച് ഇവരൊത്തുചേര്‍ന്ന് തിരിച്ചടിയുടെ പദ്ധതി വിശദമായി ചര്‍ച്ച ചെയ്തു. സൈന്യത്തോട് നിര്‍ദേശിച്ചത് പോലെ, തക്കതായ മറുപടി നല്‍കാന്‍ ഒരുങ്ങിക്കഴിഞ്ഞതായി സൈനിക മേധാവി ദല്‍ബിര്‍ സിംഗ് സുഹാഗും യോഗത്തില്‍ പറഞ്ഞു.

അക്രമണത്തിന് ശേഷം അതീവ ജാഗ്രത
പാകിസ്ഥാന് കൃത്യമായ മറുപടി നല്‍കിയ ശേഷം, ഇന്ത്യന്‍ സൈന്യമാകെ അഭിമാനത്തിലായിരുന്നു. പക്ഷെ, ഏത് നിമിഷവും പ്രത്യാക്രമണം പ്രതീക്ഷിച്ച് അതീവ ജാഗ്രതയോടെയായിരുന്നു ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത്. നിയന്ത്രണരേഖയിലും ജമ്മുകാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രതയോടെയാണ് സൈന്യം നിലയുറപ്പിച്ചത്. കര-വ്യോമ-വായുസേനയുടെയും യോജിച്ച നിരീക്ഷണമായിരുന്നു നടന്നത്. രാവിലെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ, പഞ്ചാബിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചിരുന്നു. . കാശ്മീരില്‍ മുതല്‍ ഗുജറാത്ത് വരെയുള്ള നിയന്ത്രണ രേഖയിലുടനീളം അതീവ ജാഗ്രതയോടെ സൈന്യം രാവിലെയോടെ നിലയുറപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും അതീവ ജാഗ്രതയോടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തത്. അതിന് ശേഷമായിരുന്നു നാം കേട്ട ആ പ്രഖ്യാപനം സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഉണ്ടായത്.

DONT MISS
Top