പിഒകെയില്‍ പാകിസ്താന് തിരിച്ചടി: ഓഹരി വിപണിയില്‍ ഇന്ത്യയ്ക്കും; നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു

stock

സൈന്യത്തിന്റെ മിന്നലാക്രമണം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു.

ദില്ലി: പാക്അധിനിവേശ കശ്മീരിലെ ഭീകരാവാദകേന്ദ്രങ്ങള്‍ക്കെതിരെയുളള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 560-ലേറെ പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. ഒടുവില്‍ വിപണി അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 465 പോയിന്റ് നഷ്ടത്തോടെ 27827-ലും നിഫ്റ്റി 153 പോയിന്റ് നഷ്ടത്തോടെ 8591-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി, പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി എന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്നാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ 284 പോയിന്റ് ഇടിഞ്ഞ ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് പിന്നിട് 560 പോയിന്റിലേറെ കൂപ്പുകൂത്തുന്നതാണ് ദ്യശ്യമായത്. സെന്‍സെക്‌സിന്റെ നഷ്ടം 1.94 ശതമാനമാണ്. നിഫ്റ്റിയും സമാനമായ നിലയില്‍ ഇടിഞ്ഞു. നിഫ്റ്റി 170 പോയന്റിലേറെ കൂപ്പുകൂത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിര്‍ണായകമായ ബാങ്കിങ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിക്ഷേപം പിന്‍വലിക്കുന്നത് ദ്യശ്യമായി. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് റിയല്‍റ്റി ഓഹരികളാണ്. 4.2 ശതമാനത്തിന്റെ ഇടിവാണ് റിയല്‍റ്റി മേഖലയിലുണ്ടായത്. ഊര്‍ജ്ജ, കണ്‍സ്യൂമര്‍ ഡൂറൈബിള്‍സ്, ഫാര്‍മ്മ ഓഹരികളും ഇതിന് അപവാദമായിരുന്നില്ല. ഊര്‍ജ്ജ ഓഹരികള്‍ 2.5 ശതമാനം ഇടിഞ്ഞപ്പോള്‍, കണ്‍സ്യൂമര്‍ ഡൂറൈബിള്‍സ്, ഫാര്‍മ്മ ഓഹരികള്‍ യഥാക്രമം 2.4 ശതമാനവും, രണ്ടു ശതമാനം താഴ്ന്നു.

നിരക്ക് അധിഷ്ടിത ഓഹരികളായ ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ നഷ്ടം 1.8 ശതമാനവും, ഒരു ശതമാനവുമാണെന്ന് കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തിരിച്ചുവരുന്നുവെന്ന പ്രതീതിയാണ് ജനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 182 പോയിന്റിന്റെ നേട്ടമുണ്ടാക്കി. നിഫ്റ്റി 55 പോയിന്റും മുന്നേറി. നിഫ്റ്റി 8800 പോയിന്റ് എന്ന നിര്‍ണായക ഘട്ടം മറികടന്നു മുന്നേറുകയും ചെയ്തു. പിന്നിടായിരുന്നു വിപണിയില്‍ തിരുത്തുണ്ടായത്.

ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ തുടര്‍ച്ചയായ നാലാം ദിവസവും വിപണി നഷ്ടം രേഖപ്പെടുത്തുന്നതാണ് ദ്യശ്യമായത്. സെന്‍സെക്‌സ് 465 പോയിന്റ് നഷ്ടത്തോടെ 27827-ലും നിഫ്റ്റി 153 പോയിന്റ് നഷ്ടത്തോടെ 8591-ലും വ്യാപാരം അവസാനിച്ചു.

DONT MISS
Top