ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക് താലിബാന്‍; കാശ്മീരില്‍ ജിഹാദികളെ വിന്യസിക്കാന്‍ ആഹ്വാനം

tehreeke-taliban

ദില്ലി: ഇന്ത്യന്‍ സൈന്യത്തിന് നേരെ തിരിച്ചടിക്കാന്‍ പാക് ഭീകര സംഘടനയായ തെഹരീക്കെ താലിബാന്റെ ആഹ്വാനം. പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചുവെന്ന ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് താലിബാന്റെ ആഹ്വാനം.

കശ്മീരില്‍ ജിഹാദികളെ വിന്യസിക്കണമെന്നും ഇന്ത്യന്‍ സുരക്ഷ സൈന്യത്തിന് നേരെ തിരിച്ചടിക്കണമെന്നും പാക് താലിബാന്‍ ആഹ്വാനം ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, പാക് താലിബാന് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും മുജാഹിദ്ദീനുകള്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്ന പാക് സൈന്യമാണ് തങ്ങളുടെ വലിയ ശത്രുവെന്നും പാക് താലിബന്‍ വ്യക്തമായിരുന്നു. പാക് സൈന്യത്തിനെതിരെ പാക് ഗോത്ര വര്‍ഗ മേഖലകളിലും ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുമായുള്ള വിവിധ സംഘടനകളുടെ പോരാട്ടത്തെ ഏകോപിപ്പിച്ച് കൊണ്ടാണ് 2007 ല്‍ തെഹരീക്കെ താലിബന്‍ രൂപീകരിച്ചത്.

ഏറെ കാലമായി പാക്-അമേരിക്കന്‍ സൈന്യങ്ങള്‍ക്കെതിരെ മേഖലയില്‍ ആക്രമണം തുടര്‍ന്നിരുന്ന താലിബാന്‍, അപ്രതീക്ഷിതമായാണ് കശ്മീരില്‍ ജിഹാദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ മേഖലയില്‍ ഇന്ത്യ തിരിച്ചടി ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ താലിബാന്റെ നീക്കം പ്രവചനാതീതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഭീകരര്‍ക്കെതിരെ ഇന്ത്യ ഇന്നലെ നടത്തിയ ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ വ്യാപക നാശനഷ്ടം നടത്തിയിരുന്നു. ജമ്മുകശ്മിരിലും പരിസര പ്രദേശങ്ങളിലും ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയുണ്ടായിരുന്നുവെന്നും ഇതാണ് ഇന്നലെ സൈന്യം പരാജയപ്പെടുത്തിയതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. സൈനിക നടപടികളുടെ വിവരങ്ങള്‍ ഇന്ത്യ പാകിസ്താനെ അറിയിക്കുകയും രാജ്യത്തിന് നേരെ ഉയരുന്ന എന്ത് ആക്രമണവും നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യയുടെ ആക്രമണത്തെ പാകിസ്താന്‍ അപലപിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ സജ്ജമാണെന്നും സമാധാനം കാംക്ഷിക്കുന്നത് ബലഹീനതയായി കരുതരുതെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പാക് സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന് നവാസ് ഷെരീഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തക്കതായ തിരിച്ചടി നല്‍കുമെന്നും അത് വാക്കു കൊണ്ടായിരിക്കില്ലെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top