ധനുഷ് ചിത്രം ‘കൊടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

kodi

ചെന്നൈ: കൊടി പിടിച്ച് ധനുഷ് എത്തുന്നു. ധനുഷിനെ നായകനാക്കി ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം കൊടിയുടെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു. ധനുഷ് രണ്ട് സ്‌പെഷ്യല്‍ ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാര്‍. അനുപമയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

ദീപാവലിയ്ക്ക് റിലീസിന് ഒരുങ്ങുന്ന ധനുഷിന്റെ ‘കൊടി’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ധനുഷിന് രണ്ട് വ്യത്യസ്ത റോളാണുള്ളത്. തൃഷയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. തൃഷയുടേത് നെഗറ്റീവ് കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും തൃഷ തന്നെയാണ്. അനുപമയുടെ തമിഴ് രംഗപ്രവേശം കൂടിയാകും കൊടി. സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിലെ നായികമാരില്‍ ഒരാളായ അനുപമ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെ മറ്റു ഭാഷകളിലേയ്ക്ക് ചുവടുവയ്ക്കുകയാണ്.

‘കാക്കി സട്ടൈ’ എന്ന തമിഴ് ചിത്രത്തിനു ശേഷം സെന്തില്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് കൊടി. തമിഴ് രാഷ്ട്രീയവും അത് സ്വാധീനിക്കുന്ന യുവതലമുറയേയുമൊക്കെ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സെന്തില്‍കുമാര്‍ തന്നെയാണ് കൊടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മ്മാണം ധനുഷ് നിര്‍വ്വഹിക്കുന്നു. നേരത്തെ അനുപമയ്ക്ക് പകരം ശാലിനിയുടെ സഹോദരി ശ്യാമിലിയെ ആണ് തൃഷയ്‌ക്കൊപ്പം ധനുഷിന്റെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പീന്നീട് അനുപമയുമായി കരാര്‍ ഒപ്പിടുകയായിരുന്നു. സന്തോഷ് നാരായണനാണ് കൊടിയിലെ ഗാനങ്ങള്‍ക്ക് ഇണം നല്‍കിയിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദീപാവലിയ്ക്കാണ് വെന്നിക്കൊടി പാറിക്കാന്‍ ധനുഷും സംഘവും കൊടിയുമായി എത്തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top