ചാമ്പ്യന്‍സ് ലീഗ്: ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം, ബയേണിന് അടിതെറ്റി

pique

ഗോള്‍ നേടിയ ബാഴ്സ താരങ്ങളുടെ ആഘോഷം

ബെര്‍ലിന്‍: സൂപ്പര്‍ താരം മെസ്സി ഇല്ലാതെയിറങ്ങിയിട്ടും വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. തുടക്കത്തിലേറ്റ അടിക്ക് രണ്ടാം പകുതിയില്‍ ഉജ്ജ്വല തിരിച്ചടി കൊടുത്താണ് ജര്‍മന്‍ ക്ലബ്ബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെ തകര്‍ത്തത്.  അതേ സമയം ബയേണ്‍ മ്യൂണിക്കിന് അത്‌ലറ്റികോ മാഡ്രിഡിന് മുന്നില്‍ അടി തെറ്റി.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ വിജയം. അനായാസ വിജയം നേടാന്‍ മോഹിച്ച ബാഴ്‌സയ്ക്ക് തെറ്റി.  34ആം മിനുറ്റില്‍ ഹസാര്‍ഡിന്റെ ഗോളിലൂടെ മോണ്‍ഷെന്‍െഗ്ലാഡ്ബാഹ് ലീഡെടുത്തു.  മറുപടി ഗോളിനായി പൊരുതി കളിച്ച ബാഴ്‌സ 65ആം മിനുറ്റിലാണ് എതിര്‍ വല കുലുക്കിയത്.  നെയ്മറിന്റെ അളന്നുമുറിച്ച പാസില്‍ ആര്‍ഡ ട്യൂറാനാണ് മനോഹര ഗോള്‍ നേടിയത്.  ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സയ്ക്ക് വേണ്ടി 74 ആം മിനുറ്റില്‍ പീക്വെ വിജയ ഗോള്‍ നേടി.  തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ബാഴ്‌സ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

സ്വന്തം തട്ടകത്ത് നടന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തോല്‍പിച്ചു. 35 ആം മിനുറ്റില്‍ കാരാസ്‌കോയാണ് അത്‌ലറ്റികോയുടെ വിജയ ഗോള്‍ നേടിയത്. സീസണില്‍ ബയേണിന്റെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ അത്‌ലറ്റികോ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

carrsco

ഗോള്‍ നേടിയ കാരാസ്കോയുടെ ആഹ്ലാദം

അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റിയെ കെല്‍റ്റിക് സമനിലയില്‍ കുരുക്കി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഡെംബലെയിലൂടെ ലീഡെടുത്ത കെല്‍റ്റികിന് ഫെര്‍ഡീന്യോയിലൂടെ സിറ്റി മറുപടി നല്‍കി. എന്നാല്‍ സിറ്റി ആരാധകരെ ഞെട്ടിച്ചു കൊണ്ട് 20 ആം മിനുറ്റില്‍ സ്റ്റെര്‍ലിംഗിന്റെ കാലില്‍ തട്ടിയ പന്ത് സ്വന്തം വലയില്‍ തന്നെ വീണു. എട്ടു മിനുറ്റിനകം ഒരു ഗോള്‍ കൂടി കണ്ടെത്തി സ്‌റ്റെര്‍ലിംഗ് തന്റെ അബദ്ധ ഗോളിന് മറുപടി നല്‍കി. പിന്നീട് ഓരോ ഗോള്‍ കൂടി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.

ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ആഴ്‌സണല്‍ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാസെലിനെ തകര്‍ത്തത്. വാല്‍കോട്ട് നേടിയ ഇരട്ട ഗോളാണ് ആഴ്‌സണലിന്റെ വിജയം എളുപ്പമാക്കിയത്. 7,26 മിനുറ്റുകളിലായിരുന്നു വാല്‍കോട്ടിന്റെ ഗോളുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top