ന്യൂഗട്ട് അത്ര പോര: പ്രവര്‍ത്തന മികവില്‍ ഐഒഎസ് 10 ഏറെ മുന്നിലെന്ന് പഠനം

android

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ടില്‍ (nougat) നിന്നും അത്ര ശുഭകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ ഗൂഗിളിന് ലഭിക്കുന്നത്. എതിരാളിയായ ആപ്പിള്‍ ഐഒഎസ് 10 (ios 10) മായി താരതമ്യം ചെയ്യുമ്പോള്‍ 2.5 ഇരട്ടി നെറ്റ്‌വര്‍ക്ക് സംബന്ധ തകരാറാണ് ന്യൂഗട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആപ്‌ടെലിജന്റിന്റെ (apteligent) പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ക്ലൗഡ് സാങ്കേതികതയുമായി ബന്ധപ്പെടുവാന്‍ ആപ്പുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുമ്പോളാണ് നെറ്റ്‌വര്‍ക്ക് ക്രാഷുണ്ടാകുന്നത്. നെറ്റ് വര്‍ക്ക് ക്രാഷുകള്‍ക്കൊപ്പം ‘ആപ്പ് ക്രാഷ്’ (app crash) അല്ലെങ്കില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകപ്പെടുന്ന തോതിലും ന്യൂഗട്ടാണ് മുമ്പില്‍. എതിരാളിയായ ആപ്പിള്‍ ഐഒഎസ് 10 ല്‍ 4.1 ശതമാനം മാത്രം ആപ്പ് ക്രാഷ് രേഖപ്പെടുത്തവെ, 6.4 ശതമാനത്തോളമാണ് ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ ആപ്പ് ക്രാഷുകള്‍ രേഖപ്പെടുത്തിയതെന്നും പഠനം വെളിപ്പെടുത്തുന്നു.

അതേസമയം, മുന്‍പതിപ്പായ മാര്‍ഷ്മെല്ലോയില്‍ (marshmallow), ക്രാഷുകളുടെ തോത് 3.5 ശതമാനത്തോളം മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. ആന്‍ഡ്രോയ്ഡ് ശ്രേണിയില്‍ ഏറെ മികവുറ്റ പ്രവര്‍ത്തനമാണ് മാര്‍ഷ്മെല്ലോ കാഴ്ചവെച്ച് വരുന്നത്. പക്ഷെ, പുതിയ പതിപ്പായ ന്യൂഗട്ടില്‍ കാര്യങ്ങള്‍ തീര്‍ത്തും വിപരീതപരമായാണ് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

എന്നാല്‍ ന്യൂഗട്ടില്‍ രേഖപ്പെടുത്തിയ ക്രാഷ് തോത്, അപ്‌ഡേറ്റുകളിലൂടെ ഗൂഗിള്‍ കുറച്ച് വരികയാണെന്നും ആപ്‌ടെലിജന്റ് വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിനെക്കാള്‍ ഏറെ മുന്നിലാണ് പ്രവര്‍ത്തന മികവില്‍ ആപ്പിള്‍ ഐഒഎസ് 10.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top