ഡി കാപ്രിയോ അഭിനയിച്ച ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ എത്തി; ചിത്രം ആഗോളതാപനത്തിനെതിരെ

ട്രയിലറില്‍ നിന്ന്

ട്രയിലറില്‍ നിന്ന്

ലിയനാര്‍ഡോ ഡി കാപ്രിയോയുടെ ആഗോളതാപനത്തിനെതിരെയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്‌കാര്‍ ജേതാവ് ഫിഷര്‍ സ്റ്റീവന്‍സ് ആണ് ബിഫോര്‍ ദി ഫ്‌ളഡ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഒക്ടോബര്‍ 31 മുതല്‍ ലോകവ്യാപകമായി നാഷണല്‍ ജിയോഗ്രഫിക് ചാനലില്‍ പരിപാടി സംപ്രേക്ഷണം ആരംഭിക്കും.

ഓസ്‌കാര്‍ ജേതാവായ ലിയനാര്‍ഡോ ഡികാപ്രിയോ ഹോളിവുഡിലെ പ്രഗത്ഭനായ നടനാണ്. പക്ഷേ അതിനുമൊക്കെ അപ്പുറം അദ്ദേഹം അറിയപ്പെടുന്നത് തന്റെ പ്രകൃതിസ്‌നേഹത്തിലൂടെയും സാമൂഹ്യ പ്രതിബദ്ധതയിലൂടെയുമാണ്. അഭിനയത്തിനൊപ്പം ആഗോളതാപനത്തിനെതിരെ പോരാടുന്ന ഡി കാപ്രിയോ അതിലേയ്ക്ക് പുതിയൊരു ചുവടുകൂടി വയ്ക്കുകയാണ് ബിഫോര്‍ ദി ഫ്‌ളഡ് എന്ന ഡോക്യൂമെന്റിയിലൂടെ.

കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും വിഷയമാകുന്ന പരിപാടിയില്‍ ലോകനേതാക്കളുമായും മറ്റും താരം സംവദിക്കുന്നതും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ എത്തിയാണ് ഡോക്യൂമെന്ററി ഷൂട്ട് ചെയ്തിരിക്കുന്നത്. ദി റവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടിയ ലിയനാര്‍ഡോ തന്റെ ഓസ്‌കാര്‍ വേദിയിലെ പ്രസംഗം അനശ്വരമാക്കിയത് ആഗോളതാപനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തിലൂടെ ഭൂമിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യമാണ് ഡോക്യൂമെന്ററിയിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഓസ്‌കാര്‍ ജേതാവായ സംവിധായകന്‍ ഫിഷര്‍ സ്റ്റീവന്‍സാണ് ബിഫോര്‍ ദി ഫ്‌ളഡിന്റെയും അണിയറയില്‍. ബറാക് ഒബാമ, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ തുടങ്ങിയ ലോകനേതാക്കളെ കൂടാതെ ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ സുനിത നാരായണനുമായും ആഗോള താപനത്തെക്കുറിച്ച് ഡോക്യൂമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. ഒക്ടോബര്‍ 21-ന് ന്യൂയോര്‍ക്കിലേയും ലണ്ടനിലേയും തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ട്രെയിലര്‍ കാണാം:

DONT MISS
Top