സഭയില്‍ അരങ്ങേറിയത് പ്രക്ഷുബ്ധരംഗങ്ങള്‍, മുഖ്യമന്ത്രിക്കെതിരെ കടുത്തഭാഷയില്‍ രമേശ് ചെന്നിത്തല

പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം : സ്വാശ്രയപ്രശ്‌നത്തില്‍ നിയമസഭയില്‍ അരങ്ങേറിയത് പ്രക്ഷുബ്ധരംഗങ്ങള്‍. മുഖ്യമന്ത്രിക്കെതിരെ കടുത്തഭാഷയിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രസംഗം. ഒരു മുഖ്യമന്ത്രിയും സഭയില്‍ പറയാത്ത വാക്കുകളാണ് മിസ്റ്റര്‍ വിജയന്‍ പറഞ്ഞതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ചൊവ്വാഴ്ച കാണിച്ച അഹങ്കാരവും ധിക്കാരവുമാണ് പിണറായി വിജയന്‍ തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ സമരപന്തലിലിരിക്കുമ്പോള്‍ അവിടേക്ക് വരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കേരളമൊട്ടാകെ നരനായാട്ട് നടത്താനാണ് പൊലീസിന്റെ ശ്രമം. ഇത് ധിക്കാരമാണ്. സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തണമെന്നും രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജുകളില്‍ സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കണം. സ്വാശ്രയസമരം നടത്തിയ ആളുകള്‍ എവിടെപ്പോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. സ്പീക്കര്‍ നിഷ്പക്ഷനല്ലെന്നും, മുഖ്യമന്ത്രി കണ്ണുകാണിക്കുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധവും പ്രസംഗവും – രണ്ടുകൂടി ഒരുമിച്ച് നടക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതേച്ചൊല്ലി പ്രതിപക്ഷനേതാവും സ്പീക്കറും തമ്മില്‍ സഭയില്‍ വാക്കുതര്‍ക്കമുണ്ടായി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്‍ ആറു തവണ ചോദ്യോത്തരവേളക്കിടെ സംസാരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ സബ്മിഷനും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി ധനാഭ്യര്‍ത്ഥനകള്‍ തിടുക്കത്തില്‍ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top