ഹബിള്‍ തെളിവ് നല്‍കി; യൂറോപ്പയിലെ ജലസാന്നിധ്യം നാസ സ്ഥിരീകരിച്ചു

യൂറോപ്പയിലെ ജലസാന്നിധ്യം കാണിക്കുന്ന, നാസ പുറത്ത് വിട്ട ചിത്രം, വലത് വശത്ത് യൂറോപ്പയുടെ ഫയല്‍ ചിത്രം.

വാഷിംഗ്ടണ്‍: ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവരങ്ങള്‍ നാസ പുറത്തുവിട്ടു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജലസാന്ദ്രമായ മേഘങ്ങള്‍ ഉണ്ട് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഹബിള്‍ ടെലസ്‌കോപ്പില്‍ നിന്നും ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ നാസ അറിയിച്ചു. ഐസ് പാളികളാല്‍ നിറഞ്ഞതാണ് യൂറോപ്പയുടെ ഉപരിതലം. ഈ ഐസുകള്‍ക്ക് താഴെ ദ്രാവകരൂപത്തിലുള്ള ജലം നിറഞ്ഞ സമുദ്രം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ജലസാന്നിധ്യം തിരിച്ചറിഞ്ഞത്. ഇത് ആവേശം ജനിപ്പിക്കുന്ന കണ്ടെത്തലാണെന്നാണ് ഗവേഷകസംഘത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ വില്യം സ്പാര്‍ക്ക് പറഞ്ഞത്. കാര്‍ബണികമായ സംയുക്തങ്ങള്‍ക്ക് വേണ്ടി യൂറോപ്പയിലെ സമുദ്രത്തില്‍ പര്യവേഷണം നടത്താന്‍ നമുക്ക് സാധ്യമായേക്കും. യൂറോപ്പയിലെ ജീവന്റെ സാന്നിധ്യത്തിലേക്ക് ഇതു വഴി എത്താന്‍ കഴിയുമെന്നും അദ്ദേഹം  പറഞ്ഞു.

നാസ പുറത്തു വിട്ട വീഡിയോ:

ദക്ഷിണധ്രുവത്തിനു സമീപമാണ് ഇപ്പോള്‍ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നീരാവിയായോ ഐസ് കണികകളായോ ആണ് ഇവിടെ ജലം ഉള്ളത്. ഹൈഡ്രജന്‍, ഓക്‌സിജന്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനായുള്ള ശ്രമം ശാസ്ത്രജ്ഞര്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ഒളിഞ്ഞിരിക്കുന്ന സമുദ്രത്തില്‍ ഉള്ളത് എന്ന കാര്യം ഇതുവഴി വ്യക്തമാകും.

സൗരയൂഥത്തിലെ സജീവമായ വസ്തുക്കളില്‍ ഒന്നാണ് യൂറോപ്പ. ചന്ദ്രന്റെ അതേ വലുപ്പമാണ് യൂറോപ്പയ്ക്ക്. താപനില -260 ഡിഗ്രി ഫാരന്‍ഹീറ്റ് (-160 ഡിഗ്രി സെല്‍ഷ്യസ്) ആണ്. ഉപരിതലത്തില്‍ ഐസ് പാളികള്‍ നിറഞ്ഞതിനാല്‍ യൂറോപ്പയ്ക്ക് പ്രതിഫലന ശേഷി കൂടുതലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top