മത്സരത്തിനായി ഇ-കൊമേഴ്‌സ് വമ്പന്മാര്‍ തയ്യാറാണ്, നിങ്ങളോ?; ഇ-കൊമേഴ്‌സ് ഓഫറുകളെ കുറിച്ച് അറിയേണ്ടതെല്ലാം

diwali

മുംബൈ: ഉത്സവ കാലം എന്നും ഇന്ത്യന്‍ വിപണിയില്‍ ലഹരിയാണ്. പുത്തന്‍ ഓഫറുകളും പുത്തന്‍ ഉത്പ്പന്നങ്ങളുമായി നിര്‍മ്മാതാക്കളും ഉത്സവലഹരിയില്‍ പങ്ക് ചേരുന്നതോടെ അവസരങ്ങളുടെ വലിയ നിരയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇ-കൊമേഴ്‌സ് ശൃഖലയും വലിയ ഒരുക്കങ്ങളാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് വമ്പന്മാരായ ഫ്‌ളിപ്പ്കാര്‍ട്ടും, ആമസോണും, സ്‌നാപ്ഡീലുമെല്ലാം വാര്‍ഷിക ഉത്സവ വിപണനത്തിനായി കച്ചമുറുക്കി രംഗത്തുണ്ട്.

ഒക്ടോബര്‍ ആദ്യ വാരം മുതല്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നല്‍കാന്‍ പോകുന്നതെന്ന പരസ്യപ്രചാരണങ്ങള്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നതും ഇ-കൊമേഴ്‌സ് വിപണിയിലെ മത്സരവീര്യം വര്‍ധിപ്പിക്കുകയാണ്.

ഇ-കൊമേഴ്‌സ് വിപണിയില്‍ മത്സരങ്ങള്‍ എന്നും വമ്പന്മാര്‍ തമ്മിലായതിനാല്‍ ഇത്തവണയും ഫ്‌ളിപ്പ്കാര്‍ട്ടും ആമസേണും തന്നെയാണ് ശ്രദ്ധാ കേന്ദ്രം. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡെയ്‌സ് 2016 ഉം, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും തമ്മിലുള്ള മത്സരത്തില്‍ വിജയം ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും എന്നതില്‍ ഒട്ടും സംശയമില്ല.

ഉത്സവ ലഹരിയ്ക്കായി ഒരുങ്ങുന്ന ഇ-കൊമേഴ്‌സ് ശൃഖലയുടെ തയ്യാറെടുപ്പുകളിലേക്ക് ഒരു എത്തിനോട്ടം-

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡെയ്‌സ് 2016 (Flipkart Big Billion Days 2016)

big-billion-day

ആദ്യ രണ്ട് വര്‍ഷത്തെ വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാന്‍ ബിഗ് ബില്ല്യണ്‍ ഡെയ്‌സുമായാണ് ഇത്തവണയും ഫ്‌ളിപ്പ്കാര്‍ട്ട് മത്സര രംഗത്തുള്ളത്. ഒക്ടോബര്‍ 2 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഓഫറുകളുടെ പെരുമഴയാണ് ഉത്പ്പന്നങ്ങള്‍ക്കായി ബിഗ് ബില്ല്യണ്‍ ഡെയ്‌സിന്റെ കീഴില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കൂടാതെ എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്‍മേല്‍ പത്ത് ശതമാനം അധിക കിഴിവും ഉപഭോക്താക്കള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുമെന്നത് ശ്രദ്ധേയമാണ്.

ബിഗ് ബില്ല്യണ്‍ ഡെയ്‌സിന്റെ ആദ്യ ദിനം ഫാഷന്‍, ഹോം ഡെക്കോര്‍, ടെലിവിഷന്‍, വീട്ടു ഉപകരണങ്ങള്‍ എന്നീ ശ്രേണിയില്‍ നിന്നുമുള്ള ഓഫര്‍ നിരയാണ് ഉപഭോക്കാക്കള്‍ക്ക് ലഭിക്കുന്നതെങ്കില്‍ മൊബൈല്‍, മൊബൈല്‍ ആക്‌സസറീസ് ശ്രേണിയില്‍ നിന്നുമുള്ള ഓഫറുകളാണ് രണ്ടാം ദിനം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൂന്നാം ദിനം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കായി മാത്രം ചെലവഴിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് നാലാം ദിനവും അഞ്ചാം ദിനവും എല്ലത്തരം ശ്രേണിയില്‍ നിന്നും ഓഫറുകളെ അവതരിപ്പിക്കും. കൂടാതെ, ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ‘ യുവര്‍ വിഷ്, അവര്‍ ഓഫര്‍ ‘ എന്നതിലൂടെ ഇഷ്ട ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങളും കിഴിവും ലഭിക്കുന്നതാണ്.

ഒപ്പം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള കാലയളവില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മോട്ടോ ഡെക്ക് ബ്ലൂടൂത്ത് സ്പീക്കര്‍ സ്വന്തമാക്കാനുള്ള നറുക്കെടുപ്പും നടത്തുന്നുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ (Amazon Great Indian Sale)

great-indina

ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലൂടെ നിലവിലെ ഉപഭോക്താക്കള്‍ക്കൊപ്പം പുതിയ ഉപഭോക്താക്കളെ നേടാനും കൂടിയാണ് ആമസോണ്‍ ലക്ഷ്യം വയ്ക്കുന്നത്. വന്‍ ഓഫറുകള്‍ക്ക് പുറമെ ആമസോണ്‍ ആപ്പിലൂടെയുള്ള ഇടപാടുകള്‍ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡിന്മേല്‍ 15 ശതമാനം അധിക കാഷ്ബാക്ക് ഓഫറും വെബ്‌സൈറ്റിലൂടെയുള്ള ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്ബാക്ക് ഓഫറുമാണ് ആമസോണ്‍ നല്‍കുക.

ജ്യൂവലറി ശ്രേണയില്‍ ഓഫറായി 15 ശതമാനം കിഴിവും ടെലിവിഷന്‍ ശ്രേണിയില്‍ നിന്ന് 40 ശതമാനം വരെ കിഴിവും ഗൃഹോപകരണ ശ്രേണിയില്‍ നിന്നും ഫാഷന്‍ ശ്രേണിയില്‍ നിന്നും 50 ശതമാനം വരെ കിഴിവുമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

ഫ്ലിപ്പ്കാര്‍ട്ടിന് സമാനമായി വിഷ് ആന്റ് വിന്‍ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌കിയോഡ 4K UHD LED ടിവി നേടാനും ആമസോണ്‍ അവസരമൊരുക്കുന്നുണ്ട്. കര്‍ട്ടന്‍ റെയ്‌സര്‍ ഡീല്‍ പോലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികളും ആമസോണ്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

സ്‌നാപ്ഡീല്‍ അണ്‍ബോക്‌സ് സെയില്‍ (Snapdeal Unbox Sale)

snapdeal

ഒക്ടോബര്‍ 2 മുതല്‍ 6 വരെയാണ് സ്‌നാപ്ഡീല്‍ അണ്‍ബോക്‌സ് സെയിലിനെ കൊണ്ടാടുക. പുതിയ ടാഗ് ലൈനായ ‘അണ്‍ബോക്‌സ് സിന്ദഗി’ എന്നതിന് കീഴില്‍ ആഘോഷിക്കുന്ന ആദ്യ ദിപാവലി സീസണിനെ മികവുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌നാപ്ഡീല്‍. മണിക്കൂറുകളില്‍ വരുന്ന പുതു ഡീലുകളും 70 ശതമാനം വരെ നേടാവുന്ന കിഴിവുകളും സ്‌നാപ്ഡീല്‍ അണ്‍ബോക്‌സ് സെയിലിനെ ശ്രദ്ധേയമാക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

കൂടാതെ അടുത്തിടെ സ്‌നാപ്ഡീല്‍ അവതരിപ്പിച്ച ഗോള്‍ഡ് സര്‍വീസിലൂടെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ തൊട്ടടുത്ത ദിവസം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതും മത്സരത്തില്‍ സ്‌നാപ്ഡീലിന് പ്രഥമസ്ഥാനം നല്‍കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓഫറുകള്‍ എങ്ങനെ പ്രതിബന്ധമില്ലാതെ നേടാം-

  1. ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നേരത്തെ തന്നെ സൈന്‍ ഇന്‍ ചെയ്താല്‍ ഉത്പ്പന്നങ്ങള്‍ക്കായുള്ള ഇടപാടുകള്‍ നടത്താന്‍ താമസം നേരിടില്ല.
  2. ഇഷ്ട ഉത്പ്പന്നങ്ങളെ ആദ്യം തന്നെ വിഷ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. അതിലൂടെ സെയില്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഉത്പ്പന്നം സ്വന്തമാക്കാനുള്ള അവസരം ലഭിക്കും.
  3. ഉത്പ്പന്നങ്ങള്‍ ഉടനടി സ്വന്തമാക്കാനായി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍ ആദ്യം തന്നെ ചേര്‍ത്ത് തയ്യാറായി നില്‍ക്കുന്നത് ഉചിതമാകും.
  4. ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും പുതിയ വേര്‍ഷനില്‍ ആണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. കാരണം പുതിയ വേര്‍ഷനുകളില്‍ മാത്രമാണ് കിഴിവുകള്‍ നല്‍കി വരിക എന്ന് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ നേരത്തെ അറിയിച്ചിരുന്നു.
  5. സെയില്‍ ആരംഭിക്കുന്നതിന് മുമ്പെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്.
DONT MISS
Top