യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി തോപ്പില്‍ ജോപ്പന്റെ കൊലമാസ് ടീസര്‍

thoppil-joppan

ചിത്രത്തിലെ ഒരു രംഗം

മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പന്റെ പുറത്തിറങ്ങിയ രണ്ടാമത്തെ ടീസറും യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്. മമ്മൂട്ടിയുടെ അസാന്നിധ്യം കൊണ്ട് ആദ്യ ടീസര്‍ ആരാധകരെ തെല്ലൊന്ന് നിരാശപ്പെടുത്തിയെങ്കിലും തരംഗമായി മാറിയിരുന്നു. എന്നാലിതാ ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഗെറ്റപ്പിലുള്ള പുതിയ ടീസര്‍ യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിങ്ങായിരിക്കുകയാണ്. 46 സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ടാമത്തെ ടീസര്‍ മധുരപ്രതികാരമെന്നവണ്ണം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഏകദേശം നാല് ലക്ഷത്തോളം പേര്‍ ഇതിനകം ടീസര്‍ കണ്ടു കഴിഞ്ഞു.

ഫെയ്‌സ് ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. അമ്പത് ശതമാനം സ്‌നേഹവും അമ്പത് ശതമാനം മദ്യവും എന്നതാണ് തോപ്പില്‍ ജോപ്പന്റെ ടാഗ് ലൈന്‍. ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താപ്പനയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തനി അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തോപ്പില്‍ ജോപ്പന്‍.

മംമ്ത മോഹന്‍ദാസും ആന്‍ഡ്രിയ ജെറമിയയുമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരാകുന്നത്. രഞ്ജി പണിക്കര്‍, ഹരിശ്രീ അശോകന്‍, അലന്‍സിയര്‍ ലേ, സുരേഷ് കൃഷ്ണ, സാജു നവോദയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിദ്യാസാഗറാണ് സംഗീതസംവിധാനം. ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top