നരിക്കൂട്ടത്തെ നായാടി ചുവന്ന ചെകുത്താന്‍മാര്‍; ചാമ്പ്യന്‍മാരെ തകര്‍ത്തത് 4-1 ന്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന പോഗ്ബ

ഗോള്‍ നേട്ടം ആഘോഷിക്കുന്ന പോഗ്ബ

മാഞ്ചസ്റ്റര്‍: ഫോമില്ലാതെ കുഴങ്ങുന്ന വെയ്ന്‍ റൂണിയെ പുറത്തിരുത്തിയ മൗറീന്യോയുടെ തീരുമാനത്തെ ശരിവച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തത് 4-1 ന്. റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച പോള്‍ പോഗ്ബ മാഞ്ചസ്റ്ററിനായ് തന്റെ ആദ്യ ഗോളും നേടി. പോഗ്ബയെ കൂടാതെ യുവാന്‍ മാട്ട, യൂത്ത് സെന്‍സേഷന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ക്രിസ് സ്മാലിങ് എന്നിവരും റെഡ് ഡെവിള്‍സിനായി ഗോളുകള്‍ നേടി. റൂണിയ്ക്ക് പകരം മത്സരത്തില്‍ യുണൈറ്റഡിനെ നയിച്ച സ്മാലിങായിരുന്നു അക്കൗണ്ട് കുറന്നത്.

ഇടവേളയ്ക്ക് തൊട്ട് തുടരെ തുടരെ മൂന്ന് വട്ടം ലെസ്റ്ററിന്റെ വല നിറച്ച മാഞ്ചസ്റ്റര്‍ താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നരിക്കൂട്ടത്തെ വേട്ടയാടുകയായിരുന്നു. കൃത്യം അഞ്ച് മിനുറ്റിന്റെ ഇടവേളയിലായിരുന്നു മൂന്ന് ഗോളുകളും. വിജയത്തോടെ സിറ്റിയോടും വാറ്റ് ഫോര്‍ഡിനോടും ഏറ്റുവാങ്ങിയ തോല്‍വികളേയും ചെകുത്താന്‍മാര്‍ പഴങ്കഥയാക്കി. തോല്‍വിയെ തുടര്‍ന്ന് താരങ്ങളുടെ മോശം പ്രകടനവും കോച്ച് മൗറീന്യോയുടെ തന്ത്രങ്ങളും വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു.

game

മത്സരത്തിനിടെ

റൂണിയുടെ അഭാവത്തിലിറങ്ങിയ യുണൈറ്റഡ് ലെസ്റ്റര്‍ പ്രതിരോധ നിരയെ ശിഥിലമാക്കുകയായിരുന്നു. നാലില്‍ മൂന്ന് ഗോളും പിറന്നത് ലെസ്റ്ററിന്റെ പ്രതിരോധ നിരയുടെ കെടുകാര്യസ്ഥതയില്‍ നിന്നുമായിരുന്നു. പോഗ്ബയും മാട്ടയും മധ്യനിരയില്‍ നിരന്തരം പ്രശ്‌നക്കാരായി മാറിയപ്പോള്‍ ഇബ്രാഹിമോവിച്ച് പതിവുപോലെ കളിക്കളത്തില്‍ പറന്ന് നടക്കുകയായിരുന്നു. തോല്‍വികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കളത്തിലിറങ്ങിയ യൂണൈറ്റഡിനു മുന്നില്‍ ജാമി വാര്‍ഡിയും റിയാദ് മഹ്‌റസുമെല്ലാം കാഴ്ചക്കാരായി മാറുകയായിരുന്നു.

ഒന്നാം പകുതിയില്‍ തന്നെ വിധിയെഴുതിയ മത്സരത്തില്‍ ഡെമാരേ ഗ്രേയുടെ വകയായിരുന്നു ലെസ്റ്ററിന്റെ ഏക ഗോള്‍.80- ആം മിനുറ്റില്‍ റൂണി പകരക്കാരനായി ഇറങ്ങിയെങ്കിലും കാര്യമയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

DONT MISS
Top