ഐഫോണിന്റെ വരവിന് കച്ച മുറുക്കി ഫ്ലിപ്പ്കാര്‍ട്ട്

flip-kart

ആപ്പിളില്‍ നിന്നുമുള്ള ഐഫോണ്‍ 7, ഐഫോണ്‍ 7 plus സ്മാര്‍ട്ട്‌ഫോണുകളെ ഇ-കൊമേഴ്‌സ് വമ്പന്മാരായ ഫ്ലിപ്പ്കാര്‍ട്ട് (flipkart) ഇന്ത്യന്‍ വിപണിയിലെത്തിക്കും. ഇതാദ്യമായാണ് ആപ്പിളിന്റെ വിതരണ ശൃഖലയില്‍ നിന്നും ഫ്ലിപ്പ്കാര്‍ട്ട് നേരിട്ട് ഐഫോണുകളെ അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആപ്പിള്‍ നേരിട്ട് തങ്ങളുടെ ഉത്പന്നങ്ങളെ വില്‍ക്കാറില്ല. പകരം, വിതരണ ശൃഖലയിലൂടെയും അംഗീകൃത വില്‍പനക്കാര്‍ മുഖേനയുമാണ് ആപ്പിള്‍ ഉത്പന്നങ്ങളെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് വരുന്നത്. ആപ്പിളിന്റെ വെബ്‌സൈറ്റില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെങ്കിലും, ഇന്ത്യയില്‍ ആപ്പിളിന് നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ മൂന്നാംകിട ചില്ലറ വ്യാപാര ശൃഖലയെ ആശ്രയിക്കുകയാണ് പതിവ്.

flip-kart

നേരത്തെ, മൂന്നാംകിട ചില്ലറ വ്യാപര ശൃഖലയില്‍ നിന്നും ആപ്പിളിന്റെ ഉത്പന്നങ്ങളെ ഫ്ലിപ്പ്കാര്‍ട്ട് ലഭ്യമാക്കിയിരുന്നു. കൂടാതെ വിപണിയില്‍ ആമസോണ്‍ (amazon), ഇബെ (ebay), പേടിഎം (paytm) എന്നിവയില്‍ നിന്നും നേരിടുന്ന മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ട് നല്‍കി വരുന്നത്.

ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളെ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ടിന് പുറമെ, ഇന്‍ഫിബീമുമായും (infibeam) ആപ്പിള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഐഫോണ്‍ ശ്രേണിയ്‌ക്കൊപ്പം, ഐപാടും, മാക് ബുക്ക് ശ്രേണിയെയും ഫ്ലിപ്പ്കാര്‍ട്ടിലൂടെ ആപ്പിള്‍ ലഭ്യമാക്കും.

ഒക്ടോബര്‍ 7 നാണ് ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 60,000 രൂപ വിലയില്‍ ഐഫോണ്‍ 7 നെ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍, 72,000 രൂപ വിലയിലാണ് ഐഫോണ്‍ 7 plus-നെ ആപ്പിള്‍ ലഭ്യമാക്കുക. പുതിയ മോഡലുകളുടെ വരവിന് മുന്നോടിയായി നേരത്തെ, മുന്‍ മോഡലായ ഐഫോണ്‍ 6 s ന് ആപ്പിള്‍ വില കുറച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ 50,000 രൂപ വിലയിലാണ് വിപണിയില്‍ ഐഫോണ്‍ 6 s ലഭിക്കുന്നത്.

DONT MISS
Top