വാട്സ്ആപ്പിന് യഥാര്‍ത്ഥത്തില്‍ ദില്ലി ഹൈക്കോടതി പൂട്ടിട്ടോ? അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍

watsapp

ഓഗസ്റ്റ് 25-നായിരുന്നു ഉപഭോക്താക്കളെ ഞെട്ടിച്ച് കൊണ്ട് വാട്സ്ആപ്പ് തങ്ങളുടെ സ്വകാര്യത നയത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്. വാട്സ്ആപ്പ്, ഫെയ്‌സ്ബുക്കിന് കീഴില്‍ വന്നതിന്റെ പിന്നാലെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഏവരും സംശയദൃഷ്ടിയോടെയാണ് നീക്കത്തെ കണ്ടത്.

തത്ഫലമായി ഫെയ്‌സ്ബുക്കിനെതിരെയും വാട്സ്ആപ്പിനെതിരെയും ദില്ലി ഹൈക്കോടതിയില്‍ കര്‍മ്മന്യ സിംഗ് സറീന്‍, ശ്രേയ സേത്തി എന്നിവര്‍ സംയുക്തമായി പൊതു താത്പര്യ ഹര്‍ജി നല്‍കുകയായിരുന്നു. ഫെയ്‌സ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്ക് വെക്കാന്‍ നിബന്ധനകള്‍ പ്രകാരം വാട്സ്ആപ്പിന് വെള്ളിയാഴ്ച ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത് ആശങ്കകള്‍ അകറ്റിയിട്ടില്ല.

ദില്ലി ഹൈക്കോടതി വാട്ട്‌സ്ആപ്പിന് നല്‍കിയ നിര്‍ദ്ദേശങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍

1. സെപ്റ്റംബര്‍ 25-ന് മുമ്പ് വാട്സ്ആപ്പ് ശേഖരിച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണം-

ഫെയ്‌സ്ബുക്കുമായി വാട്ട്‌സ്ആപ്പിന് വിവരങ്ങള്‍ കൈമാറാന്‍ അനുമതിയുണ്ടെങ്കിലും സെപ്റ്റംബര്‍ 25-ന് മുമ്പുള്ള വിവരങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പഴയ സ്വകാര്യതാ നയത്തിന്റെ അടിസ്ഥാനത്തില്‍ വാട്സ്ആപ്പ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ പിന്തുണയ്ക്കുകയാണ് നിര്‍ദ്ദേശത്തിലൂടെ ദില്ലി ഹൈക്കോടതി ലക്ഷ്യം വയക്കുന്നത്. കൂടാതെ, വാട്സ്ആപ്പില്‍ നിന്നും പിന്‍മാറുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈവശം വെക്കരുതെന്നും നിര്‍ദ്ദേശത്തില്‍ കര്‍ശനമായി പരാമര്‍ശിക്കുന്നു.

2. സെപ്റ്റംബര്‍ 25ന് ശേഷമുള്ള വിവരങ്ങള്‍ മാത്രമാണ് വാട്സ്ആപ്പിന് പങ്ക് വയ്ക്കാന്‍ സാധിക്കുക-

സെപ്റ്റംബര്‍ 25-ന് ശേഷം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്ക് വയ്ക്കാന്‍ വാട്സ്ആപ്പിന് സാധിക്കും.

3. മെസേജുകള്‍ക്ക് പുറമെ മറ്റ് പലതും ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കാന്‍ വാട്സ്ആപ്പിന് സാധിക്കും-

വ്യക്ത്യധിഷ്ഠിത പരസ്യങ്ങള്‍ക്കായി ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് പുറമെ, ഉപഭോക്താക്കള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പുകള്‍, പ്രൊഫൈല്‍ ചിത്രങ്ങള്‍, കോണ്‍ടാക്ടുകള്‍, സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്ന ലിങ്കുകള്‍ എന്നിങ്ങനെ പലതും വാട്സ്ആപ്പിന് ശേഖരിക്കാന്‍ സാധിക്കും. കൂടാതെ, സ്റ്റാറ്റസ്, ലാസ്റ്റ് സീന്‍ എന്നിവയൊടൊപ്പം, ചാറ്റുകളും, കോളുകളും അടങ്ങുന്ന വിവരങ്ങള്‍ വരെ വാട്ട്‌സ്ആപ്പിന് ഫെയ്‌സ്ബുക്കുമായി പങ്ക് വയ്ക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വാട്സ്ആപ്പിന് ഉപഭോക്താക്കളുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

4. ഇന്‍സ്റ്റന്റ് മെസേജിങ്ങ് സേവനങ്ങളെ നിയന്ത്രിക്കണമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ദില്ലി ഹൈക്കോടതി

ഇന്ത്യയില്‍ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് സേവനങ്ങള്‍ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ അനിവാര്യമാണെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top