യേ ദില്‍ ഹെ മുഷ്‌ക്കില്‍ ചിത്രത്തിന്റെ പ്രചാരണത്തിനില്ലെന്ന് ഐശ്വര്യാ റായ്

aiswarya-rai

ഐശ്വര്യാ റായ് ബച്ചന്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം യേ ദില്‍ ഹേ മുഷ്‌ക്കിലിന്റെ പ്രചാരണ പരിപാടികളില്‍ നടി ഐശ്വര്യാ റായ് പങ്കെടുക്കില്ല. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനും ഓഡിയോ ലോഞ്ചിനും പങ്കെടുക്കും എന്നുള്ളതല്ലാതെ മറ്റ് പ്രൊമോഷനുകള്‍ക്ക് താരം പങ്കെടുക്കില്ലെന്നാണ് നടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മകള്‍ ആരാധ്യയുടെ കൂടെ സമയം ചെലവിടുന്നതിനായാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ആഷ് അറിയിച്ചിരിക്കുന്നത്. മകളെ തനിച്ചാക്കി ദീര്‍ഘനേരം എവിടെയും പോകാന്‍ ഐശ്വര്യക്ക് താത്പര്യമില്ല.

സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് ഇക്കാര്യം കരണ്‍ ജോഹറിനെ അറിയിച്ചിരുന്നുവെന്നും ആ നിബന്ധനയനുസരിച്ചാണ് ഐശ്വര്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നതു മുതല്‍ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഐശ്വര്യയും രണ്‍ബീറും ഇഴുകിചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ കണ്ട് അമിതാഭ് ബച്ചന്‍ ചോദ്യം ചെയ്തുവെന്നും ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ ജോഹറിനോട് ആവശ്യപ്പെട്ടതായുമുള്ള വാര്‍ത്തകള്‍ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐശ്വര്യയുടെ ചിത്രവുമായി ബന്ധപ്പെട്ട് അമിതാഭോ അഭിഷേകോ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് ഐശ്വര്യ വിട്ടു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ash-and-ranbir

സരബ്ജീത്ത് സിംഗിന് ശേഷം ഐശ്വര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആഷിന്റെ ത്രസിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ, ഫവാദ് ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്ത മാസം 28-നാണ് ചിത്രത്തിന്റെ റിലീസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top