ഉറി ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍: പാകിസ്താനെതിരെ റഷ്യയും ഫ്രാന്‍സും

uri

ഉറിയിലെ സൈനിക നീക്കത്തിനിടെ- ഫയല്‍ചിത്രം

ദില്ലി: ഞായറാഴ്ച ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. പാകിസ്താന്റെ പേരെടുത്ത് പരാമര്‍ശിച്ചും അല്ലാതെയുമാണ് ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമത്തെ അപലപിച്ചത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ നിലപാടിന് അനുകൂലമായാണ് ലോകരാജ്യങ്ങളുടെ പരാമര്‍ശം.

പാകിസ്താന്റേയും പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടേയും പേരെടുത്ത് പറഞ്ഞാണ് റഷ്യ അക്രമണത്തെ അപലപിച്ചത്. പാകിസ്താന്‍ കേന്ദ്രമാക്കിയാണ് അക്രമണമെന്ന് പറഞ്ഞ ഫ്രാന്‍സ് ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയ്‌ക്കൊപ്പം അണിനിരക്കുമെന്നും അറിയിച്ചു. ജര്‍മനി, ജപ്പാന്‍, മംഗോളിയ, സൗദി, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പാകിസ്താനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എല്ലാ വിധത്തിലുള്ള ഭീകരവാദത്തേയും തങ്ങള്‍ എതിര്‍ക്കുന്നതായും ഉറി ഭീകരാക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയുടെ കൂടെ നില്‍ക്കുമെന്ന് ജര്‍മനി അറിയിച്ചു. എല്ലാ രാജ്യങ്ങളും തങ്ങളുടെ മണ്ണില്‍ ഭീകരവാദം വളരുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ ജര്‍മനി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കാശ്മീരിലെ നൗഗാമില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. നേരത്തെ അതിര്‍ത്തിയില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് 15ല്‍ അധികം തീവ്രവാദികള്‍ നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് കടന്നതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉറിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം 20 തവണ വെടിയുതിര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. ഇതിനിടെയാണ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടത്.

DONT MISS
Top