പുതുമുഖങ്ങളെ ‘കളി പഠിപ്പിച്ച്’ എംഎസ്എന്‍ ത്രയം ; ബാഴ്‌സയുടെ ജയം 5-1 ന്

ഗോളടിച്ച മെസിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ഗോളടിച്ച മെസിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ലേഗനസ്: അപരാജിതരായ മെസി-സ്വാരസ്-നെയ്മര്‍ ത്രയത്തിന്റെ മികവില്‍ ബാഴ്‌സലോണയ്ക്ക് ലേഗനസിനെതിരെ ഉജ്ജ്വല വിജയം. പുതുതായി പ്രമോഷന്‍ കിട്ടി ലാ ലീഗിലെത്തിയ ലേഗനസിനെ തോല്‍പ്പിച്ചത് 5-1 ന്. മെസി രണ്ട് വട്ടം വലനിറച്ചപ്പോള്‍ സ്വാരസും നെയ്മറും ഓരോ ഗോളുകള്‍ വീതം നേടി മികച്ച പിന്തുണ നല്‍കി. മത്സരം തുടങ്ങി ആദ്യ പതിനഞ്ചാം മിനുറ്റില്‍ തന്നെ ബാഴ്‌സയ്ക്കായി സൂപ്പര്‍ താരം മെസി വല ചലിപ്പിച്ചു. രണ്ട് മത്സരങ്ങളില്‍ നിന്നായി മെസിയുടെ ഗോള്‍നേട്ടം അഞ്ചായി.

കഴിഞ്ഞ മത്സരത്തില്‍ മെസിയേയും സ്വാരസിനേയും പുറത്തിരുത്തി കളത്തിലിറങ്ങിയ ബാഴ്‌സയ്ക്ക് തോല്‍വി നേരിടേണ്ടി വന്നിരുന്നു. ഞെട്ടിച്ച ആ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ലേഗനസിനെതിരെ എംഎസ്എന്‍ ത്രയത്തെ ഇറക്കിയാണ് ലൂയിസ് എന്റിക്വെ കളി മെനഞ്ഞത്. മൂവരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെ ബാഴ്‌സ ആരാധകര്‍ക്ക് നൂ കാമ്പിലെ തോല്‍വി മറക്കാനുള്ള മറുമരുന്ന് കിട്ടി. മെസിയുടെ ഗോള്‍ പിറന്ന് പതിനഞ്ച് മിനുറ്റിന് ശേഷം സ്വാരസും നാല്‍പ്പത്തി അഞ്ചാം മിനുറ്റില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറും ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയുടെ തുടക്കം മെസിയുടെ രണ്ടാം ഗോളോടുകൂടിയായിരുന്നു. അമ്പത്തി അഞ്ചാം മിനുറ്റിലായിരുന്നു മെസി ലേഗനസ് വലയിലേക്ക് രണ്ടാമതും ഷോട്ട് പായിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ അല്‍കാന്‍ട്രാ റാഹിനയുടെ വക അവസാനത്തെ ആണിയും അടിക്കപ്പെട്ടു. തുടക്കത്തില്‍ നന്നായി കളിച്ച ലേഗനസ് താരങ്ങള്‍ ബാഴ്‌സയുടെ കുത്തൊഴുക്കില്‍ ഒലിച്ച് പോവുകയായിരുന്നു. ഗബ്രിയേല്‍ പൈറസിന്റെ വകയായിരുന്നു ലേഗനസിന്റ മാനം കാത്ത ഏക ഗോള്‍.

DONT MISS
Top