പ്രേമത്തെ തകര്‍ത്ത് ഒപ്പം കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നേറുന്നു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ജോഡികളായ ലാല്‍-പ്രിയന്‍ ചിത്രം ഒപ്പം തിയേറ്ററുകളില്‍ പുതിയ ചരിത്രം രചിച്ച് മുന്നേറുന്നു. ഓണച്ചിത്രങ്ങളില്‍ കളക്ഷന്‍ റെക്കോര്‍ഡുമായി ബഹുദൂരം മുന്നേറുകയാണ് ഒപ്പം. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സസ്‌പെന്‍സ് ത്രില്ലര്‍.

ആദ്യത്തെ ആറുദിവസം ഒപ്പം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും വാരിയത് 11.53 കോടി രൂപയാണ്. ഇക്കാര്യത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍- നിവിന്‍ പോളി ടീമിന്റെ ഹിറ്റ് ചിത്രമായിരുന്ന പ്രേമത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ പ്രേമത്തിന്റെ ആദ്യ ഒരാഴ്ചയിലെ കളക്ഷന്‍ 10.30 കോടി രൂപയായിരുന്നു. പൃഥ്വീരാജ് നായകനായെത്തിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ആദ്യത്തെ പത്തുദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടിയിരുന്നു.

ഓണച്ചിത്രങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ജിത്തു ജോസഫിന്റെ പൃഥ്വീരാജ് ചിത്രം ഊഴമാണ്. ആദ്യ അഞ്ച് ദിവസങ്ങളിലായി ഊഴം കേരളത്തില്‍ സ്വന്തമാക്കിയത് 5.41 കോടി രൂപയാണ്.

ഏറെക്കാലത്തിന് ശേഷമാണ് ഒരു ലാല്‍-പ്രിയന്‍ ചിത്രം തീയറ്ററുകളില്‍ വിജയം നേടുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. അനുശ്രീയും വിമലാ രാമനുമാണ് നായകമാര്‍. 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയായിരുന്നു ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അവസാന ചിത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top