ലോകത്തെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദ സംഘടന ഇന്ത്യയിലെ മാവോയിസ്റ്റുകള്‍

maoist
ദില്ലി : ലോകത്തെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദ സംഘടന ഇന്ത്യയിലെ മാവോയിസ്റ്റുകളെന്ന് പഠനറിപ്പോര്‍ട്ട്. നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ദ സ്റ്റഡി ഓഫ് ടെററിസം നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീവ്രവാദം മൂലം ലോകത്ത് ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമതാണെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ലോകത്ത് ആകെ 11,774 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. അതില്‍ 23,328 പേര്‍ കൊല്ലപ്പെട്ടു. 35,320 ആളുകള്‍ക്ക് പരിക്കേറ്റു. 2015ല്‍ ഇന്ത്യയില്‍ 791 നക്‌സല്‍ ആക്രമണങ്ങളാണ് നടന്നത്. അതില്‍ 289 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവയാണ് ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

പഠനപ്രകാരം താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കൊഹറാം എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്നുസ്ഥാനങ്ങളിലുള്ളത്.

താലിബാന്‍ കഴിഞ്ഞവര്‍ഷം 1,093 ആക്രമണങ്ങളാണ് നടത്തിയത്. ഇതില്‍ 4,512 പേര്‍ക്ക് ജീവഹാനി നേരിട്ടു. ഐഎസ് ഭീകരര്‍ 931 ആക്രമണം നടത്തിയതില്‍ 6,050 പേര്‍ കൊല്ലപ്പെട്ടു. ബൊക്കോഹറാം 491 ആക്രമണങ്ങള്‍ നടത്തി 5,450 പേരെ വധിച്ചതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി 238 ആക്രമണമാണ് കഴിഞ്ഞവര്‍ഷം നടത്തിയത്. കുര്‍ദിഷ് പാര്‍ട്ടിയുടെ ആക്രമണത്തില്‍ 287 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

DONT MISS
Top