ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; മഹാബലിയെ അപകീര്‍ത്തിപ്പെടുത്തുന്നത് സമത്വസുന്ദരമായ കാലം പുലരണമെന്ന സങ്കല്പത്തെ അപകീര്‍ത്തിപ്പെടുത്തലെന്നും പിണറായി വിജയന്‍

pinarai

തിരുവനന്തപുരം : മഹാബലിയെ അപകീര്‍ത്തിപ്പെടുത്തുന്നത് സമത്വസുന്ദരമായ കാലം പുലരണമെന്ന സങ്കല്പത്തെയും അതു കാലങ്ങളായി നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്ന മലയാളികളേയും അപകീര്‍ത്തിപ്പെടുത്തലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ജനതയുടെ വൈകാരിക മനോഭാവങ്ങളെ വൃണപ്പെടുത്തുക എന്നത് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചേരുന്നതല്ല. വാമനജയന്തിയാശംസ പിന്‍വലിച്ച് രാഷ്ട്രീയ ഔചിത്യബോധ്യമുണ്ടെങ്കില്‍ അമിത് ഷാ മലയാളി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണം. മലയാളിയുടെ മനസ്സില്‍ വൈകാരിക സ്ഥാനം നേടിയ ഓണത്തെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും അതുണര്‍ത്തുന്ന സമഭാവനയുടെ സന്ദേശത്തെയുമാണ് മഹാബലി പ്രതിനിധാനം ചെയ്യുന്നതെന്നും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.

pinarayi

ഓണം സര്‍വമലയാളികളുടെയും ആഘോഷമാണ്. സമൂഹത്തിലെ തിന്മകളെ അകറ്റി നിര്‍ത്താനുളള സദ്ഭാവനയുടെ മഹനീയ സങ്കല്‍പ്പമാണ് ‘മാനുഷരെല്ലാരുമൊന്നുപോലെ ‘ ജീവിക്കുന്ന കാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഓണാഘോഷത്തില്‍ തെളിയുന്നത്. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി നേതാവ് അമിത് ഷാ കേരളത്തെയും കേരളീയരേയും കേരള സംസ്‌കാരത്തെയും ആണ് അപമാനിച്ചിരിക്കുന്നത്. മലയാളിയുടെ ദേശീയോത്സവമാണ് ഓണം. ജാതീയവും മതപരവുമായ എല്ലാ വേര്‍പിരിവുകള്‍ക്കും അതീതമായ മനുഷ്യ ഒരുമയാണ് ഈ ആഘോഷത്തില്‍ കാണുന്നത്.

കള്ളവും ചതിവുമില്ലാത്തതും നന്മയും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എന്ന സങ്കല്പ്പമാണ് ഓണം മുന്‍പോട്ടു വയ്ക്കുന്നത്. അത്തരം ഒരു കാലം ഉണ്ടായതില്‍ അസഹിഷ്ണുത പൂണ്ടവരാണ് ആ കാലം സൃഷ്ടിച്ചെടുത്തു എന്ന് സങ്കല്പ്പിക്കപ്പെടുന്ന മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയത്.

നന്മ നിറഞ്ഞതും സമത്വ പൂര്‍ണവുമായ ഒരു കാലവും ലോകവും സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ പുരോഗമനകാംക്ഷികള്‍ക്കും നിത്യ പ്രചോദനമാണ് മഹാബലിയും ഓണസങ്കല്പ്പവുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top