‘വാമനജയന്തി’ ആശംസയിലൂടെ അമിത് ഷാ മലയാളികളെ അപമാനിച്ചുവെന്ന് പിണറായി വിജയന്‍

pinarayi

തിരുവന്തപുരം: വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി നേതാവ് അമിത് ഷാ കേരളത്തെയും കേരളീയരേയും കേരള സംസ്‌കാരത്തെയും ആണ് അപമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ് വിമര്‍ശിച്ചാണ് പിണറായി വിജയന്‍ തന്റെ നിലപാട് അറിയിച്ചത്.

കള്ളവും ചതിയുമില്ലാത്തതും, നന്മയും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എന്ന സങ്കല്പ്പമാണ് ഓണം മുന്‍പോട്ടു വയ്ക്കുന്നതെന്നും അത്തരം ഒരു കാലം ഉണ്ടായതില്‍ അസഹിഷ്ണുത പൂണ്ടവരാണ് ആ കാലം സൃഷ്ടിച്ചെടുത്തു എന്ന് സങ്കല്പ്പിക്കപ്പെടുന്ന മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

മഹാബലിയെ അപകീര്‍ത്തിപ്പെടുത്തുന്നത് സമത്വസുന്ദരമായ കാലം പുലരണമെന്ന സങ്കല്പത്തെയും അതു കാലങ്ങളായി നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്ന മലയാളികളേയും അപകീര്‍ത്തിപ്പെടുത്തലാണ്. ഒരു ജനതയുടെ വൈകാരിക മനോഭാവങ്ങളെ വൃണപ്പെടുത്തുക എന്നത് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചേരുന്നതല്ല. ഇത് തിരിച്ചറിഞ്ഞ് വാമനജയന്തിയാശംസ പിന്‍വലിച്ച് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കുകയാണ് രാഷ്ട്രീയ ഔചിത്യബോധ്യമുണ്ടെങ്കില്‍ അമിത് ഷാ ചെയ്യേണ്ടതെന്ന് പിണറായി വിജയന്‍ തുറന്നടിച്ചു.

സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും നാടിനെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍ എന്ന ശശികലയുടെ ടീച്ചറുടെ പ്രസ്താവനയും തുടര്‍ന്ന് ശ്രാവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നായിരുന്നു സംഘപരിവാര്‍ മുഖപത്രം കേസരിയുടെ നിരീക്ഷണവും കേരള സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മഹാബലി കേരളം കാണാന്‍ വരുന്നു എന്ന കഥ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി പിന്നീട് കൂട്ടിച്ചേര്‍ത്തത് ആകാമെന്നും സംഘപരിവാര്‍ മുഖപത്രം വ്യക്തമാക്കിയിരുന്നു.

DONT MISS
Top