ഇന്ത്യയും അഫ്ഗാനിസ്ഥാനും കുറ്റവാളികളെ പരസ്പരം കൈമാറും

gani-modi
ദില്ലി : കുറ്റവാളികളെ പരസ്പരം കൈമാറുന്ന ഉടമ്പടിയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒപ്പുവെയ്ക്കും. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. അഷ്‌റഫ് ഗനിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പിടുക. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഭീകരര്‍, സാമ്പത്തിക കുറ്റവാളികള്‍, ഇരുരാജ്യങ്ങളും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ തുടങ്ങിയവരെ കൈമാറുന്ന ഉടമ്പടിയ്ക്കാകും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക.

ഭീകരതയെ ചെറുക്കുക എന്ന ലക്ഷ്യം വെച്ചാണ് നടപടി. രാജ്യത്ത് അസ്ഥിരത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ 37 രാജ്യങ്ങളുമായി ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടിയിലേര്‍പ്പെട്ടിട്ടുണ്ട്.

അഫ്ഗാന്‍ സേനയ്ക്ക് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും കൈമാറുന്നതിനുള്ള ഉടമ്പടിയും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സെപ്തംബര്‍ 14 ന് ദില്ലിയിലെത്തുന്ന അഷ്‌റഫ് ഗനി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

DONT MISS
Top