സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു; ആഭ്യന്തര യുദ്ധത്തിന് താത്കാലിക വിരാമം

syria

ജനീവ: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു.  ജനീവയില്‍ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാര്‍ നിലവില്‍ വന്നതോടെ ആഭ്യന്തര യുദ്ധത്തിന് താല്‍കാലിക വിരാമമായി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. കരാര്‍ നടപ്പിലാക്കി വരികയാണെന്ന് സിറിയന്‍ സൈന്യം അറിയിച്ചിരുന്നു.  മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് അമേരിക്കയും റഷ്യയും സമാധാന കരാറില്‍ ഒപ്പുവെച്ചത്.

സിറിയയെ ഐക്യപ്പെടുത്താനും സമാധാനം പുന:സ്ഥാപിക്കാനുമുള്ള അവസാന അവസരമാണിതെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചത്.  ആഭ്യന്തര യുദ്ധത്താല്‍ കലുഷിതമായ സിറിയയിലെ അലപ്പോ നഗരങ്ങളിലടക്കം സഹായങ്ങളെത്തിക്കാനാണ് മനുഷ്യാവകാശ സംഘടനകളുടെ ലക്ഷ്യം.  അക്രമങ്ങളില്‍ കുറവ് വന്നതായും ജോണ്‍ കെറി അറിയിച്ചു. സമാധാനകരാര്‍ എത്രത്തോളം വിജയകരമാണെന്ന് പറയാനാകില്ലെന്നും കെറി പറഞ്ഞു.

അതേസമയം സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെച്ചതായി സിറിയന്‍ സൈന്യം പ്രഖ്യാപിച്ചു.  പ്രധാന യുദ്ധ മേഖലകളിലെല്ലാം സമാധാനം സ്ഥാപിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. സംയുക്ത സൈനിക നീക്കങ്ങള്‍ നടത്താനാണ് കരാറിലെ മറ്റൊരു വ്യവസ്ഥ.  കരാറിനോട് സഹകരിക്കുമെങ്കിലും അതിന്റെ ഭാവിയെ കുറിച്ച് സംശയമുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഫ്രീ സിറിയന്‍ ആര്‍മി പറഞ്ഞു.  മറ്റൊരു വിമത ഗ്രൂപ്പായ ഇസ്‌ലാമിസ്റ്റ് അഹ്രാര്‍ അല്‍ ഷാം കരാറിനെ എതിര്‍ത്ത് രംഗത്ത് വന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top