കുര്‍ദ്ദ് മേയര്‍മാരെ തീവ്രവാദബന്ധം ആരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ പിരിച്ച് വിട്ടു

erdogan

ത്വയ്ബ് എര്‍ദോഗന്‍ (ഫയല്‍ ചിത്രം)

ഇസ്താന്‍ബുള്‍: തുര്‍ക്കിയില്‍ കുര്‍ദ് അധീന മുനിസിപ്പാലിറ്റികളിലെ മേയര്‍മാരെ പിരിച്ചുവിട്ടു. തീവ്രവാദ ബന്ധമാരോപിച്ചാണ് നടപടി. തുര്‍ക്കിയിലെ ഇരുപത്തിനാലോളം പട്ടണങ്ങളില്‍ സര്‍ക്കാര്‍ പുതിയ മേയര്‍മാരെ നിയമിച്ചു.

തുര്‍ക്കി പട്ടാളം മുനിസിപ്പാലിറ്റി കെട്ടിടങ്ങളിലേക്ക് പ്രവേശിച്ച് കുര്‍ദ് പതാകകള്‍ താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തിയിലെ സുറുക് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രാദേശിക പട്ടണമായ ദിയാര്‍ബകീറിലും ഹക്കാരി മേഖലയിലും സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് പ്രതിഷേധങ്ങളുണ്ടായി.

തുര്‍ക്കിയിലെ രാഷ്ട്രീയ ചരിത്രത്തില്‍ സര്‍ക്കാരിന്റെ പുതിയ നടപടി എന്നും എഴുതപ്പെട്ടിരിക്കുമെന്ന് പ്രസിഡന്റ് ത്വയ്ബ് എര്‍ദോഗന്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ തന്നെ മൂന്നാമത്തെ വലിയ കക്ഷിയാണ് അധികാരം നഷ്ടപ്പെട്ട കുര്‍ദിഷ് പാര്‍ട്ടിയായ പീപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി. അധികാരമുണ്ടായിരുന്ന 24 മുനിസിപ്പാലിറ്റികളിലെ പുതിയ നടപടി അട്ടിമറി ശ്രമമാണെന്ന് പാര്‍ട്ടി അപലപിച്ചു.

പീപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് തുര്‍ക്കിയില്‍ ജൂലൈയിലുണ്ടായ അട്ടിമറി ശ്രമത്തിന്റെ പിന്നിലെന്ന് ഈദ് ദിനാചരണത്തിന്റെ ഭാഗമായി നല്‍കിയ സന്ദേശത്തില്‍ പ്രസിഡന്റ് എര്‍ദോഗന്‍ ആരോപിച്ചിരുന്നു. ആഭ്യന്തര യുദ്ധത്താല്‍ കലുഷിതമായ സിറിയ-ഇറാഖ് അതിര്‍ത്തി ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് തുര്‍ക്കിയുടെ പുതിയ നടപടി വിളിച്ചുവരുത്തിയിരിക്കുന്നത്.

DONT MISS
Top