പൂക്കാലം തേടി ഗുണ്ടല്‍പേട്ടിലേക്ക്..

dundlupet1

എത്രയൊക്കെ മറഞ്ഞു നിന്നാലും തിരികെ വിളിക്കുന്ന സൗഹൃദഭാവമുണ്ട് ചില ഭൂപടയാത്രകള്‍ക്ക്. പൂക്കളോടും ശലഭങ്ങളോടുമൊക്കെയുള്ള അടങ്ങാത്ത ഒരിഷ്ടമാണ് ചില സ്ഥലങ്ങളെ സ്മൃതിയിലുണര്‍ത്തുന്നത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞുമാറിയൊരു ഓണക്കാലം എവിടെ എന്ന ചിന്ത അതുകൊണ്ടാവണം പൂക്കള്‍കൊണ്ട് വര്‍ണ്ണരാജി തീര്‍ത്തു നില്‍ക്കുന്ന ഗുണ്ടല്‍പേട്ട് എന്ന ഉത്തരത്തില്‍ എത്തി നിന്നത്. മലയാളിയും പൂക്കളും തമ്മില്‍ എന്തോ അഗാധ ബന്ധമുണ്ട്. അതുകൊണ്ടാവണമല്ലോ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും എന്നു വേണ്ട സകലമാന പരുപാടികള്‍ക്കും പൂക്കള്‍ മുന്‍നിരയില്‍ തന്നെ സ്ഥാനമലങ്കരിച്ചിരിക്കുന്നത്. ആ പൂവുകള്‍ വിടരുന്ന പാടങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ എത്തിപ്പെടുക ഇതുപോലെ കര്‍ണ്ണാടകയിലെയോ തമിഴ്‌നാട്ടിലെയോ ഗ്രാമങ്ങളിലാവുമെന്ന് മാത്രം.

gundlupet2

ബാംഗ്ലൂര്‍ യാത്രകളിലെ ഒരിടത്താവളം എന്നതിനപ്പുറം ഗുണ്ടല്‍പേട്ടിനു അധികപ്രാധാന്യം നല്‍കിയിരുന്നില്ല ഇതുവരെ. ആ ഗ്രാമത്തെക്കുറിച്ചോ അവരുടെ സംസ്‌കാരത്തെക്കുറിച്ചോ അറിയാന്‍ ശ്രമിച്ചില്ല എന്നതാണു വാസ്തവം. വഴിക്കടവ് നാടുകാണി ബന്ദിപ്പൂര്‍ വഴി ഗുണ്ടല്‍പേട്ട്. അതാണു യാത്രയുടെ പ്ലാന്‍. വെളുപ്പിനെ തന്നെ യാത്ര തിരിച്ചു. ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് രാത്രി വൈകിയോ അല്ലെങ്കില്‍ പുലര്‍ച്ചെയോ ഉള്ള സമയമാണു നല്ലതെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കാരണം മറ്റൊന്നുമല്ല പകലിന്റെ വേഗക്കുരുക്കുകളില്‍ നിന്നൊഴിവാകാം. ചരക്കുകളുമായി പോകുന്ന വലിയ ചില വാഹനങ്ങളൊഴിച്ചാല്‍ റോഡില്‍ അധികം തിരക്കുകാണില്ല.

gundlupet3

പശ്ചിമ ഘട്ട മലനിരകളുടെ വനഭംഗിയില്‍ ലയിച്ച് മുത്തങ്ങ, മുതുമല, ബന്ദിപ്പൂര്‍ വഴിയൊരു യാത്ര. വനയാത്രകള്‍ക്ക് വാക്കുകള്‍കൊണ്ടുള്ള വര്‍ണ്ണനകള്‍ സാധ്യമാകാറില്ല പലപ്പോഴും. കാരണം അത്രമേല്‍ അനിവചനീയമായ ദൃശ്യാനുഭവം ആവും പ്രകൃതി പലപ്പോഴും നമ്മുക്കായി ഒരുക്കി വെച്ചിട്ടുണ്ടാവുക.

gundlupet4

നിലമ്പൂരില്‍ നിന്നും നാടുകാണിയിലേക്കുള്ള കൊടും കുത്തനെയുള്ള ചുരം കയറി യാത്രയില്‍ വന്യമൃഗങ്ങള്‍ പതിവു കാഴ്ച്ചയാണ്. മരച്ചില്ലകളില്‍ ചാഞ്ചാടിക്കളിക്കുന്ന കുരങ്ങന്മാരും മലഞ്ചരുവുകളില്‍ ആര്‍ത്തുല്ലസിച്ചു മേയുന്ന മാനുകളും എല്ലാം യാത്രയ്ക്കിടയില്‍ മിന്നിമറയും. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ആനകളുടെ ആഘോഷത്തിമിര്‍പ്പിന്റെ ബാക്കിപത്രമെന്നവണ്ണം ഇളകിമറിഞ്ഞു കിടക്കുന്ന പച്ചമണ്ണും കുറ്റിച്ചെടികളുമൊക്കെ കാണാം; ഞങ്ങളുമീവഴി വരാറുണ്ടെന്ന് സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തും വിധം. കാഴ്ച്ചകളും ആസ്വദിച്ച് ചുരം കയറിയെത്തിയത് ഗൂഡല്ലൂര്‍ പട്ടണത്തിലേക്കാണ്. ഇവിടെ നിന്നും വഴി രണ്ടായി പിരിയുന്നു ഊട്ടിയിലേക്കും മൈസൂരേക്കും. ഗ്രാമീണതയുടെ തനതായ ശൈലി കാത്തുസൂക്ഷിക്കുന്ന ഗൂഡല്ലൂരില്‍ നിന്നും മൈസൂര്‍ റോഡില്‍ കൂടി യാത്ര തുടര്‍ന്നു. തേയിലതോട്ടങ്ങള്‍ക്കു പ്രസിദ്ധമാണ് ഗൂഡല്ലൂരും. നേര്‍ത്തകാറ്റിന്റെ അകമ്പടിയോടെ തണല്‍ വിരിച്ചു നില്‍ക്കുന്ന വഴികളിലൂടെയുള്ള യാത്ര. കൂട്ടിനു മഴ കൂടിയുണ്ടേല്‍ പറയുകയും വേണ്ട. യാത്രയുടെ രസം പ്രകൃതിയെ കൂടുതല്‍ അറിയുക എന്നതാണു. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വറില്‍ പെട്ട മുതുമലെ 1990 ല്‍ ആണ് രൂപംകൊണ്ടത്.

gundlupet5

ഗൂഡല്ലൂരില്‍ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ആന പരിശീലനകേന്ദ്രം കൂടിയാണ്. ആനസവാരിക്ക് പേരുകേട്ട മുതുമല കടുവാ സങ്കേതം ഏകദേശം 321 ചതുരശ്ര കി മീ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്നു. നീലഗിരി മലനിരകളുടെ അതിര്‍ത്തി പങ്കിട്ട് ഹരിതശോഭയോടെ നില്‍ക്കുന്ന വനപാതകള്‍. ഈ യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ കാട്ടിലെ രാജാവായ കടുവകളെ കാണാം. കാഴ്ച്ചകളുമാസ്വദിച്ച് മുന്‍പോട്ട്. മുതുമലയില്‍ നിന്നും ബന്ധിപ്പൂരേക്കുള്ള യാത്രയില്‍ ആനകളും മയിലുകളും കാട്ടുപോത്തും മാനുകളുമൊക്കെ വഴിയരുകില്‍ അങ്ങിങ്ങായി സഞ്ചാരികളെ കാത്ത് നില്‍പ്പുണ്ടാകും. കാടിന്റെ കുളിര്‍മ്മയില്‍ അലിഞ്ഞു ബന്ദിപ്പൂര്‍ എത്തിയത് അറിഞ്ഞില്ല എന്നുവേണം പറയാന്‍. അത്രകണ്ട് ആസ്വാദ്യകരമായിരുന്നു ഒരോകാഴ്ച്ചയും. ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്യതയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നിശ്ചിത ഇടങ്ങളുണ്ട്. സഞ്ചാരപ്രേമത്തിന്റെ ആവേശത്തില്‍ ഇടയ്‌ക്കെവിടെയെങ്കിലും നില്‍ക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. മുന്നെ പോയ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വ്യൂ പോയിന്റില്‍ അല്‍പനേരം വണ്ടി നിര്‍ത്തി വെളിയില്‍ ഇറങ്ങി. കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ബന്ദിപ്പൂര്‍ വനമേഖല.

gundlupet6

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമായ ബന്ദിപ്പൂര്‍ നൂറു ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നു. കര്‍ണാടകയിലെ ബീര്‍വല്‍ ഗ്രാമത്തില്‍ കബനീ നദിയുടെ പോഷകനദിയായ നുഗു നദിയില്‍ 1956-57 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1959ല്‍ പൂര്‍ത്തിയായ വൈദ്യുത ജലവിതരണ പദ്ധതിയാണ് നുഗു അണക്കെട്ട്. 30800 ഹെക്ടര്‍ സംഭരണ വിസ്തീര്‍ണ്ണമുള്ള പ്രകൃതിരമണീയമായ നുഗുവിന്റെ സംഭരിണിയാണ് ചിത്രത്തില്‍.

gundlupet7

കബനി ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങള്‍ അതിരു പങ്കിടുന്നുവെന്ന പ്രത്യേകത ഈ അണക്കെട്ടിന്റെ സംഭരണ മേഖലയെ ശ്രദ്ധേയമാക്കുന്നു. നീര്‍നായകളും മുതലകളും സമൃദ്ധമായ ഈ സംഭരിണിയില്‍ മത്സ്യ സമ്പത്തും യഥേഷ്ടമുണ്ട്.സഫാരി വണ്ടിയില്‍ വനപാതകളിലൂടെയുള്ള യാത്ര പ്രതീക്ഷാനിര്‍ഭരമാണ്. നിരവധി വന്യമൃഗങ്ങളെ കാണാം. മുന്‍പ് ബാംഗ്ലൂര്‍ യാത്രക്കിടയില്‍ ഞാനും ഈ വനത്തിലേക്ക് ഒരു എളിയ സംഭാവന ചെയ്തിരുന്നു. കഷ്ടപ്പെട്ട് ബാംഗ്ലൂരില്‍ തിരക്കിട്ട വേഗ ജീവിതത്തില്‍ മനം മടുത്തിരുന്ന ഒരു അണ്ണാന്‍ കുഞ്ഞിനെ ഇവിടെ സ്വതന്ത്രനാക്കി വിട്ടിരുന്നു. അതിപ്പോള്‍ വളര്‍ന്നു വല്യ ആളായിക്കാണും. ഓര്‍മ്മകള്‍ അയവിറക്കി ഗുണ്ടല്‍പേട്ടിലേയ്ക്ക്.

gundlupet8

ഹിമദ് ഗോപാല്‍സ്വാമി ബേട്ട ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം വഴിയിലാണ്. ഹംഗാലയില്‍ നിന്നു ഗോപാല്‍സ്വാമി ബെട്ട യിലേക്ക് ചെക്‌പോസ്റ്റും കടന്ന് യാത്ര തിരിച്ചു. പ്രവേശന സമയം 7മുതല്‍ 5 വരെയാണ്. ബന്ദിപ്പൂരിനും ഗുണ്ടല്‍പേട്ടിനുമിടയിലുള്ള പ്രസിദ്ധമായ പ്രാചീനക്ഷേത്രം ആണു ഹിമദ് ഗോപാല്‍സ്വാമി ബെട്ട. എ ഡി 1315 ല്‍ ചോളരാജവംശകാലത്ത് ആണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്നാണു കരുതിപ്പോരുന്നത്. ഈ പേരിനു പിന്നില്‍ ഇവിടുത്തുകാര്‍ക്ക് ഒരു ഐതിഹ്യവുമുണ്ട്. മലമുകളിലെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണ്. അതിനാല്‍ കൃഷ്ണഭഗവാന്റെ അപരനാമമായി ഗോപാല്‍സ്വാമിയും ഹിമദ് എന്നാല്‍ മഞ്ഞും ബെട്ട എന്നല്‍ കന്നടയില്‍ മല എന്നുമാണ് അര്‍ത്ഥം. സര്‍വ്വധാ മൂടല്‍മഞ്ഞില്‍ കുളിച്ചിരിക്കുന്ന മലമുകളിലെ ഈ ക്ഷേത്രത്തിനു മറ്റെന്ത് പേരു വിളിക്കും എന്നാണു അവരുടെ വാദം. സംഗതി അല്‍പം ലോജിക് ഉള്ള കാര്യമായതിനാല്‍ വിശ്വാസയോഗ്യമായി തോന്നി. മെയ്മാസം അവസാനത്തോടെ നടക്കുന്ന രഥോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. മഴക്കാടുകളാല്‍ സമ്പന്നമായ ചുരം കയറി മുകളിലെത്തിയാല്‍ ആദ്യ കാഴ്ച്ച മൂടല്‍മഞ്ഞുമൂടിക്കിടക്കുന്ന മനോഹരമായ ക്ഷേത്രകവാടവും പരിസരപ്രദേശവും. ചെക്ക്‌പോസ്റ്റില്‍ മിന്നും ഇവിടേക്കുള്ള യാത്രയ്ക്ക് നിശ്ചിത സമയം അനുവധിച്ചിട്ടുണ്ട്. മലമുകളില്‍ നിന്നും നീലഗിരികുന്നുകളുടെ വിദൂര ദൃശം കാണാം. ഇവിടെനിന്നുള്ള അസ്തമയകാഴ്ച്ചകള്‍ അനിര്‍വ്വചനീയമായ അനുഭവമാണു സമ്മാനിക്കുക.

gundlupet9

ഇനി ലക്ഷ്യം ഗുണ്ടല്‍പേട്ടാണ്. ചോളവും കരിമ്പും മറ്റു ധാന്യവര്‍ഗ്ഗങ്ങളും കൃഷിചെയ്യുന്ന പാടങ്ങള്‍ക്കു നടുവിലൂടെയുള്ള യാത്ര. മണ്ണിനെ പൊന്നാക്കുന്നതില്‍ എന്നും കന്നട ഗ്രാമങ്ങള്‍ അത്യുത്സാഹം കാട്ടാറുണ്ട്. വയലോരത്ത് പണിയെടുക്കുന്ന ഗ്രാമീണസ്ത്രീകള്‍, കാളകളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന കര്‍ഷകര്‍, ചെറുകുടിലുകള്‍ അങ്ങനെ നമ്മുടെ നാട്ടിന്‍ പുറത്തിനു നഷ്ടമായ കാഴ്ച്ചകളെല്ലാം ഇവിടെ കാണാന്‍ കഴിയും. വഴിയോരകാഴ്ച്ചകളും ആസ്വദിച്ച് എന്‍ എച്ച് 212 ല്‍ കൂടി മുന്നോട്ട്. കാഴ്ച്ചകള്‍ കൂടുതല്‍ ഹൃദ്യമായിക്കൊണ്ടെയിരിക്കുന്നു. പര്‍വ്വതമടിത്തട്ടിലെ വര്‍ണ്ണ വിസ്മയം. വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതയ്ക്ക് ഇരു വശവും നീലഗിരി മലകളെ തൊട്ടൊരുമി കിടക്കുന്നു. ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കള്‍. സൂര്യകാന്തിപ്പാടങ്ങള്‍. മഞ്ഞപട്ടു പരവതാനി വിരിച്ചതുപോലെ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്നു. ചില പൂപ്പാടങ്ങളില്‍ വിളവെടുപ്പ് കാലമാണ്. ഓണക്കാലത്ത് കേരളീയരുടെ മുറ്റം അലങ്കരിക്കുവാനുള്ള അധ്വാനത്തില്‍ ഈ പാവങ്ങളും നല്ലൊരു പങ്ക് വഹിക്കുന്നു. മദൂര്‍, കനേലു, ബേരാബാടി, ചെന്നമല്ലിപുരം, ഒങ്കളി, ബീമന്‍ ബീഡ് അങ്ങനെ പോകുന്നു പൂക്കളുടെ കൃഷിക്ക് പ്രധാന്യമുള്ള ഗ്രാമങ്ങള്‍. ഓണചന്തകളിലേക്കും ചില കമ്പിനികള്‍ക് വേണ്ടി വ്യവസായിക അടിസ്ഥാനത്തിലും ഇവിടെ പൂക്കള്‍ കൃഷി ചെയ്യാറുണ്ട്. നിരവധി ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കു ലൊക്കേഷന്‍ ആയ ഗുണ്ടല്‍പേട്ട് പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ പ്രിയ ഇടം തന്നെ.

gundlupet10

ലളിതമായ ഗ്രാമീണജീവിതവും പൂക്കളുടെ നിറവും മണവും ഈ ഗ്രാമങ്ങളുടെ മനോഹാരിതയെ അതേപടി നിലനിര്‍ത്തുന്നു. കന്നഡരാജ്യത്തിന്റെ മുറ്റത്തെ പൂന്തോട്ടമാണ് ഗുണ്ടല്‍പ്പേട്ട. ഇവിടുത്തെ പൂന്തോട്ടങ്ങളിലെ വസന്തത്തിനായ്, നമ്മള്‍ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

ചിത്രങ്ങള്‍ക്ക് കടപ്പാട്: പ്രശാന്ത് കുമാര്‍ എസ് ആര്‍ പി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top