ത്യാഗസമര്‍പ്പണത്തിന്റെ ഓര്‍മ്മകളുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍ ആഘോഷം

bakrid

Representational Image

ത്യാഗത്തിന്റേയും അര്‍പ്പണബോധത്തിന്റേയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഹജ്ജിന്റെ പരിസമാപ്തിയായ വേളയില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ലോകമെമ്പാടും പ്രാര്‍ത്ഥനക്കായി ഒത്തുചേരും. ഒപ്പം ഈദ് സന്ദേശവും പങ്കുവെക്കും. സംസ്ഥാനത്തും പെരുന്നാള്‍ നിസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രത്യേക ഈദ് ഗാഹുകള്‍ നിസ്‌കാരത്തിനായി സജ്ജമായിക്കഴിഞ്ഞു.

അതിനിടെ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ജംറയിലെ കല്ലേറ് കര്‍മ്മത്തിന് തുടക്കമായി. കല്ലേറ് കര്‍മ്മത്തെ കൂടാതെ ബലിയറുക്കലും തലമുണ്ഡനം ചെയ്യലും ആണ് ഹാജിമാരുടെ ഇന്നത്തെ ചടങ്ങുകള്‍.തൊട്ടടുത്ത ദിവസങ്ങളിലും കല്ലേറ് കര്‍മ്മം നടത്തേണ്ടതിനാല്‍ ഹാജിമാര്‍ മിനായില്‍തന്നെ കഴിച്ചുകൂട്ടും

ബലി പെരുന്നാള്‍ ദിനമായ ഇന്ന് ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്. ഏഴുകല്ലുകളാണ് ജംറത്തുല്‍ അക്ബയില്‍ എറിയുന്നത്. ഇബ്രാഹിം നബി തന്റെ മകന്‍ ഇസ്മാഈല്‍ നബിയെ ദൈവ കല്‍പന പ്രകാരം ബലിയറുക്കാന്‍ പോയ സമയത്ത് തടസം നിന്ന പിശാചിനെ എറിഞ്ഞോടിച്ച സ്മരണയുണര്‍ത്തുന്നതാണ് ജംറകളിലെ കല്ലേറ് കര്‍മ്മം. മുന്‍ കാലങ്ങളില്‍ നിരവധിപേര്‍ ജംറകളിലെ കല്ലേറ് കര്‍മ്മങ്ങളില്‍ അപകടങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ അടുത്ത കാലത്തായി സൗദി സര്‍ക്കാര്‍ പണികഴിപ്പിച്ച ബഹുനില ജംറ പാലത്തില്‍ നിന്നും ഹാജിമാര്‍ക്ക് പ്രയാസരഹിതമായി കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കാനാകുന്നുണ്ട്.

കല്ലേറ് കര്‍മ്മത്തിനുശേഷമുള്ള ചടങ്ങ് ബലി കര്‍മ്മമാണ്. ബലി കര്‍മ്മത്തിനുശേഷം തലമുണ്ഡനം ചെയ്യുക, ഇഹ്‌റാം വേഷത്തില്‍ നിന്നും മുക്തരായി സാധാരണ വേഷം ധരിക്കുക, മക്കയില്‍ പോയി ഇഫാദത്തിന്റെ ത്വവാഫ് ചെയ്യുക എന്നിവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകള്‍. ഇന്നത്തെ കര്‍മ്മങ്ങള്‍ക്ക് ശേഷം ഹാജിമാര്‍ മിനായില്‍ തത്തെ കഴിച്ചുകൂട്ടും. രാത്രിയില്‍ അല്‍പനിമിഷമെങ്കിലും ഹാജിമാര്‍ മിനായില്‍ തങ്ങണമെന്നാണ് മതവിധി.

എല്ലാ റിപ്പോര്‍ട്ടര്‍ ടിവി പ്രേക്ഷകര്‍ക്കും ബക്രീദ് ആശംസകള്‍

DONT MISS
Top