റാസ്സ് ശ്രേണിയില്‍ ഇനിയൊരു ചിത്രമുണ്ടാകില്ലെന്ന് മഹേഷ് ഭട്ട്, അവസാനിക്കുന്നത് പതിനാല് വര്‍ഷത്തെ വിജയ ഗാഥ

raaz
മുംബൈ: ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത റാസ്സ് ഫ്രാഞ്ചൈസി അവസാനിപ്പിക്കുന്നു. വിവരം അറിയിച്ചത് നിര്‍മ്മാതാവ് മഹേഷ് ഭട്ട്. ഇതോടെ വിരാമമാകുന്നത് പതിനാല് വര്‍ഷം നീണ്ട വിജയ ചരിത്രത്തിനാണ്. ശ്രേണിയിലെ നാലാമത്തെ ചിത്രം റാസ്സ് റീബൂട്ട് റിലീസിനായി ഒരുങ്ങവെയാണ് മഹേഷ് ഭട്ട് തീരുമാനം അറിയിച്ചത്. വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ്സ് റീബൂട്ട് പരമ്പരയിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രമായിരിക്കുമെന്ന് മഹേഷ് ഭട്ട് പറഞ്ഞു.

ശ്രേണിയിലെ ഒന്നും മൂന്നും നാലും ഭാഗങ്ങള്‍ സംവിധാനം ചെയ്തത് വിക്രം ഭട്ട് തന്നെയാണ്. ഓരോ ചിത്രവും പ്രേക്ഷകന് ഓരോ അനുഭവങ്ങളാണ് സമ്മാനിച്ചത്. 2002 ല്‍ പുറത്തിറങ്ങിയ റാസ്സ് മികച്ച സംഗീതം കൊണ്ടും തിരക്കഥകൊണ്ടും വന്‍ വിജയമായി മാറുകയായിരുന്നു. ഒന്നാം ഭാഗത്തിലൊഴികെ എല്ലാ ചിത്രത്തിലും ഇമ്രാന്‍ ഹാഷ്മിയാണ് നായകന്‍. പ്രണയവും ഭീതുയും ഒരുപോലെ പ്രമേയമാകുന്ന റാസ്സ് പരമ്പരയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

ലോകോത്തര ഗ്രാഫിക്‌സോടെ ചിത്രീകരിച്ച റാസ്സ് റീബൂട്ടില്‍ ക്രിതി ഖര്‍ബന്ദയാണ് നായിക. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. മൂന്ന് ഭാഗങ്ങളിലും നായികയായിരുന്ന ബിപാഷ ബസുവിന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും റാസ്സ് ശ്രദ്ധേയമാണ്. ഇമ്രാന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രം റാസ്സ് 3 ആണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top