ഇന്ത്യയിലേക്ക് വരാന്‍ താത്പര്യമുണ്ടെന്ന് വിജയ് മല്ല്യ

vijay-mallya

ദില്ലി: ഇന്ത്യയിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കിലും തന്റെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ അധികൃതര്‍ റദ്ദാക്കിയതിനാല്‍ തിരികെ വരാന്‍ സാധിക്കില്ലെന്ന് വിജയ് മല്ല്യ. വെള്ളിയാഴ്ച ദില്ലി കോടതിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസിനോട് കൗണ്‍സില്‍ മുഖേന വിജയ് മല്ല്യ വിശദീകരണം നല്‍കി. എഫ്ഇആര്‍എ (FERA) നിബന്ധനകളെ ലംഘിച്ചു എന്ന കേസില്‍ ഹാജരാകാനുള്ള കോടതി നിര്‍ദ്ദേശത്തിനായിരുന്നു വിജയ് മല്ല്യ വിശദീകരണം നല്‍കിയത്.

നേരിട്ട് കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശത്തില്‍ നിന്ന് കോടതി മുമ്പ്, വിജയ് മല്ല്യയ്ക്ക് ഇളവ് നല്‍കിയിരുന്നെങ്കിലും ജുലായ് 9 ന് വീണ്ടും നിശ്ചിത ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം കോടതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രമേഷ് ഗുപ്ത മുഖാന്തരം ഹാജരാകാന്‍ കുറച്ച് അധികം സമയം വിജയ് മല്ല്യ ആവശ്യപ്പെട്ടിരുന്നു. തന്റെ വാദം കേള്‍ക്കാന്‍ തയ്യാറാകാതെയാണ് 2016 ഏപ്രില്‍ 23ന് അധികൃതര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയത് എന്ന് വിജയ് മല്ല്യ ഇമെയില്‍ മുഖേന കോടതിയെ അറിയിച്ചു.

ലണ്ടന്‍ ആസ്ഥാനമായ ബെനട്ടണ്‍ ഫോര്‍മുല ലിമിറ്റഡുമായി ഡിസംബര്‍ 1995 ന് ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട് നാല് തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജയ് മല്ല്യയെ ഹാജരാക്കി ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹാജരാകാന്‍ വിജയ് മല്ല്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് 2000 മാര്‍ച്ച് 8 ന് മല്ല്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഫ്ഇആര്‍എ (FERA) നിബന്ധനകള്‍ ലംഘിച്ചെന്ന പശ്ചാത്തലത്തില്‍ കേസ് റജിസ്റ്റര്‍ ചെയുകയായിരുന്നു.

DONT MISS
Top